രുദ്രപ്രയാഗ് (ഉത്തരാഖണ്ഡ്) : ഉത്തരാഖണ്ഡ് കേദാർനാഥിൽ ഹെലികോപ്‌ടർ തകർന്നു വീണു. തകരാറിലായ ഹെലികോപ്‌ടർ വ്യോമസേനയുടെ എം ഐ 17 ഉപയോഗിച്ച് എയർ ലിഫ്റ്റ് ചെയ്യുന്നതിനിടെയാണ് അപകടം. കേദാർനാഥിലെ കുന്നിനിടയിൽപ്പെട്ട് തകരുകയും പിന്നീട് ഹെലികോപ്‌ടർ മന്ദാകിനി നദിയിൽ വീണ് മുങ്ങുകയായിരുന്നു.
കരസേനയുടെ എം ഐ-17 വിമാനത്തിലാണ് ഹെലികോപ്‌ടർ എയർലിഫ്‌റ്റ് ചെയ്‌തത്. കുറച്ച് ദൂരം പറന്നതിന് ശേഷം കുന്നുകൾക്കിടയിലൂടെ മന്ദാകിനി നദിയിലേക്ക് വീഴുകയായിരുന്നു. ആളുകൾ പകർത്തിയ ദൃശ്യത്തിലാണ് ഈ സംഭവങ്ങൾ വ്യക്തമായി കണ്ടത്.
ഹെലികോപ്‌ടറിൻ്റെ അറ്റകുറ്റപ്പണികൾക്കായാണ് ഇന്ന് (ഓഗസ്റ്റ് 31) എം ഐ-17 വിമാനത്തിൻ്റെ സഹായത്തോടെ ഗൗച്ചർ എയർസ്ട്രിപ്പിലേക്ക് കോപ്‌ടർ കൊണ്ടുപോകാൻ പദ്ധതിയിട്ടത്. എന്നാൽ കുറച്ച് ദൂരം പിന്നിട്ടപ്പോൾ തന്നെ ഹെലികോപ്‌ടറിൻ്റെ ഭാരവും കാറ്റ് വീശിയതും കാരണം എം ഐ-17 വിമാനത്തിൻ്റെ ബാലൻസ് നഷ്‌ടപ്പെടുകയും പിന്നീട് ഹെലികോപ്‌ടര്‍ തകർന്ന് വീഴുകയുമായിരുന്നു.
ഹെലികോപ്‌ടറിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. വിവരം ലഭിച്ചയുടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. സംഘം സ്ഥിതിഗതികൾ പരിശോധിച്ചു വരികയാണെന്ന് ജില്ല ടൂറിസം ഓഫിസർ രാഹുൽ ചൗബെ പറഞ്ഞു.
മെയ് 24 ന് ആണ് കേദാർനാഥ് ധാമിൽ ലാൻഡിങ്ങിനിടെ ഹെലികോപ്‌ടർ തകർന്നുവീണത്. ഹെലികോപ്‌ടറിലെ സാങ്കേതിക തകരാർ മൂലം ഹെലിപാഡിന് 100 മീറ്റർ മുമ്പ് അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. ആറ് യാത്രക്കാരാണ് ഹെലികോപ്‌ടറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ആളപായമില്ലായിരുന്നു.
Also Read: പൂനെയില്‍ ഹെലികോപ്‌ടര്‍ തകര്‍ന്ന് വീണു; ക്യാപ്റ്റന് ഗുരുതര പരിക്ക്