ഗാന്ധിനഗർ: ഗുജറാത്തിൽ ഇന്നലെ (ജൂലൈ 13) പെയ്‌ത കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മധുബൻ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഇന്ന് (ജൂലൈ 14) സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വൽസാദ് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളും ദേശീയ പാതയും വെളളത്തിനടിയിലായതായി ദുരന്ത നിവാരണ ഓഫീസർ നസീം ഷെയ്ഖ് പറഞ്ഞു.
കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മധുബൻ അണക്കെട്ടിലെ വെള്ളം തുറന്നുവിട്ടു. അണക്കെട്ടിൽ നിന്ന് ശനിയാഴ്‌ച രാവിലെ 10,000 ക്യുസെക്‌സും വൈകുന്നേരം 50,000 ക്യുസെക്‌സ് വെള്ളവുമാണ് തുറന്നുവിട്ടത്. ഇത് മൂലം 48 നഗരങ്ങളില്‍ വെളളപ്പൊക്കമുണ്ടായി. ഈ പ്രദേശത്തെ ഗതാഗതം നിയന്ത്രിക്കാൻ പൊലീസ് കൺട്രോൾ റൂമിൽ അറിയിപ്പ് നൽകിയിട്ടുണ്ട്.
ഗുജറാത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നദാദ്രയും നഗർ ഹവേലിയിലും ഉള്‍പ്പെടുന്ന ദക്ഷിണ ഗുജറാത്ത് മേഖലയിലും അംറേലി, ഭാവ്‌നഗർ, ഗിർ സോമനാഥ്, ദിയു എന്നിവയുൾപ്പെടുന്ന സൗരാഷ്‌ട്ര മേഖലയിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. ഗുജറാത്തിലെ പഞ്ച്മഹൽ, ഛോട്ടൗദേപൂർ, നർമദ, സൂറത്ത്, ഡാങ്‌സ്, താപി ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു.
Also Read: ദുരിതക്കയം ഒഴിയാതെ അസം; മരണം 91 ആയി, ലക്ഷക്കണക്കിന് ആളുകള്‍ ക്യാമ്പുകളില്‍