ഭുവനേശ്വർ (ഒഡിഷ) : 46 മുതൽ 50 ഡിഗ്രി സെൽഷ്യസിനിടയിൽ താപനില ഉയര്‍ന്ന് ഒഡിഷ. ഉഷ്‌ണതരംഗം കാരണം റൂർക്കേല നഗരത്തിൽ പത്ത് പേർ മരിച്ചുവെന്ന് അധികൃതർ അറിയിച്ചു. കടുത്ത ഉഷ്‌ണതരംഗ സാഹചര്യങ്ങൾ മൂലമുള്ള ഹീറ്റ്‌സ്ട്രോക്കാകാം മരണകാരണമെന്നാണ് ആശുപത്രി അധികൃതർ നല്‍കുന്ന സൂചന.
ഉച്ചയ്ക്ക് 2 മണി മുതൽ ആറ് മണിക്കൂറിനുള്ളിലാണ് മരണങ്ങൾ സംഭവിച്ചതെന്ന് റൂർക്കേല സർക്കാർ ആശുപത്രി (ആർജിഎച്ച്) ഡയറക്‌ടർ ഇൻ ചാർജ് (ഡിഐസി) ഡോ സുധാറാണി പ്രധാൻ പറഞ്ഞു. എട്ട് പേർ ആശുപത്രിയിലെത്തുമ്പോഴേക്കും മരിച്ചിരുന്നു, ബാക്കിയുള്ളവർ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ആശുപത്രിയിലെത്തിച്ചവരുടെ ശരീര താപനില ഏകദേശം 103 - 104 ഡിഗ്രി ഫാരൻഹീറ്റ് ആയിരുന്നു. ഇത് കാലാവസ്ഥ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ വളരെ ഉയർന്നതാണ്. ഇതായിരിക്കാം മരണത്തിന് പിന്നിലെ കാരണം.
ഏതാനും പേർ കൂടി ആശുപത്രിയിൽ ചികിത്സയിലാണ്. മരണത്തിന്‍റെ യഥാർഥ കാരണം സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. മരിച്ചവർക്ക് ഹീറ്റ് സ്ട്രോക്കിന്‍റെ ലക്ഷണങ്ങളുണ്ടോ എന്ന്, വെള്ളിയാഴ്‌ച പോസ്‌റ്റുമോർട്ടത്തിന് ശേഷം വ്യക്തമാകുമെന്ന് ഡോ സുധാറാണി പ്രധാൻ വ്യക്തമാക്കി.
പബ്ലിക് ഹെൽത്ത് ഡയറക്‌ടർ യു കെ സാഹുവാണ് 10 പേരുടെ മരണം സ്ഥിരീകരിച്ചത്. പത്ത് പേർ മരിച്ചു, എന്നാൽ ഇവരുടെ പേരുവിവരങ്ങള്‍ ഇനിയും കണ്ടെത്താനായിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, വ്യാഴാഴ്‌ച സംസ്ഥാനത്തെ 12 സ്ഥലങ്ങളിൽ താപനില 44 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നതിനാൽ ഒഡിഷയിലുടനീളം, പ്രത്യേകിച്ച് പടിഞ്ഞാറൻ മേഖലയിൽ ഉഷ്‌ണതരംഗ സാഹചര്യങ്ങൾ നിലനിന്നിരുന്നു. സംസ്ഥാനത്തെ 19 സ്ഥലങ്ങളിൽ പരമാവധി താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ രേഖപ്പെടുത്തിയതായി ഐഎംഡി അറിയിച്ചു.
ഝാർസുഗുഡ, ബോലാംഗിർ, ബർഗഡ്, സംബൽപൂർ, സോനേപൂർ, മൽക്കൻഗിരി, സുന്ദർഗഡ്, നുവാപഡ, കാണ്ഡമാൽ ജില്ലകളിലാണ് ഉഷ്‌ണതരംഗം നിലനിൽക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. പടിഞ്ഞാറൻ ഒഡിഷയുടെ ഭാഗമായ ഝാർസുഗുഡ ആണ് സംസ്ഥാനത്തെ ഏറ്റവും ചൂടേറിയ പ്രദേശം. ഇവിടെ ഉയർന്ന താപനില 47 ഡിഗ്രി സെൽഷ്യസായി ഉയര്‍ന്നു.
ഝാർസുഗുഡയിൽ 46.5 ഡിഗ്രി സെൽഷ്യസും ബർഗഢിൽ 46.3 ഡിഗ്രി സെൽഷ്യസും സംബൽപൂരിൽ 46.2 ഡിഗ്രി സെൽഷ്യസുമാണ് താപനില. സോനെപൂരിൽ താപനില 45.6 ഡിഗ്രി സെൽഷ്യസായി ഉയർന്നപ്പോൾ മൽക്കൻഗിരിയിൽ 45.6 ഡിഗ്രി സെൽഷ്യസും ഭവാനിപട്‌നയിൽ 45.3 ഡിഗ്രി സെൽഷ്യസും ബാലാങ് 4.5 ഡിഗ്രി സെൽഷ്യസും ഹിരാക്കുഡ് 45.2 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
ALSO READ : സംസ്ഥാനത്ത് കാലവർഷമെത്തി ; മുഴുവൻ ജില്ലകളിലും യെല്ലോ അലർട്ട്