ബെംഗളൂരു: തട്ടിക്കൊണ്ടുപോകൽ ആരോപണം നേരിടുന്ന കർണാടക ജെഡിഎസ് എംഎൽഎയും മുൻ മന്ത്രിയുമായ എച്ച്‌ഡി രേവണ്ണയെ മെയ് 14 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൂടാതെ രേവണ്ണ സെഷൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ വ്യാഴാഴ്‌ചത്തേക്ക് മാറ്റി. നാല് ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷമാണ് രേവണ്ണയെ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.
രേവണ്ണയുടെ ജാമ്യാപേക്ഷയ്‌ക്കെതിരെ അപ്പീൽ നൽകാൻ പ്രത്യേക അന്വേഷണ സംഘം ഏഴ് ദിവസത്തെ സമയം കോടതിയോട് ആവശ്യപ്പെട്ടു. തന്‍റെ അമ്മയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന ഇരയുടെ മകന്‍റെ പരാതിയിലാണ് പ്രജ്വല്‍ രേവണ്ണയ്‌ക്കും പിതാവ് രേവണ്ണയ്‌ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തത്.
മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ ബെംഗളൂരു പദ്‌മനാഭനഗറിലെ വസതിയിൽ വച്ചാണ് രേവണ്ണയെ അറസ്റ്റ് ചെയ്‌തത്. കേസുകൾ അന്വേഷിക്കാൻ കോൺഗ്രസ് സർക്കാർ അന്വേഷണ സംഘത്തെ രൂപീകരിച്ചപ്പോൾ, ഇത് സിബിഐക്ക് വിടണമെന്നാണ് എൻഡിഎയില്‍ സഖ്യകക്ഷികളായ ബിജെപിയും ജെഡിഎസും ആവശ്യപ്പെട്ടത്.
ഏപ്രിൽ 26-ന് കർണാടകയിൽ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിന് മുന്നോടിയായാണ് പ്രജ്വലിന്‍റെ ലൈംഗികാതിക്രമ വീഡിയോ പുറത്തായത്. കർണാടക സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ ഡോ നാഗലക്ഷ്‌മി ചൗധരി, മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും സംസ്ഥാന പൊലീസ് മേധാവി അലോക് മോഹനും വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കത്തെഴുതിയിരുന്നു. തുടർന്ന് ഏപ്രിൽ 28-നാണ് കോൺഗ്രസ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുന്നത്.
ഹാസനിൽ നിന്ന് എൻഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രജ്വല്‍, തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞ് ഏപ്രിൽ 27 -ന് രാജ്യം വിട്ടതായാണ് റിപ്പോർട്ട്. ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം സമൻസ് നൽകിയെങ്കിലും ഒളിവിലാണ്.
ALSO READ: 'കുമാരസ്വാമിയേയും ദേവഗൗഡയേയും വലിച്ചിഴക്കരുത്': പ്രജ്വല്‍ രേവണ്ണ കേസില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്