ഇൻഡോർ: മുൻ ഭർത്താവിന് നഷ്‌ടപരിഹാരം നൽകാൻ ഉത്തരവിട്ട് മധ്യപ്രദേശ് ഹൈക്കോടതി. വിവാഹമോചിതയായ സ്ത്രീ നിയമം ദുരുപയോഗം ചെയ്‌തതായി കോടതി കണ്ടെത്തിയിരുന്നു. തുടർന്നാണ് യുവതിയ്‌ക്കെതിരെ കോടതി നടപടി സ്വീകരിച്ചത്. മുൻ ഭർത്താവിനും അയാളുടെ പ്രായമായ മാതാപിതാക്കൾക്കും എതിരെ തെറ്റായ നിയമ നടപടി തുടരാനുള്ള യുവതിയുടെ നീക്കത്തിനെതിരെയാണ് കോടതിയുടെ ഇടപെടൽ. ഒരു ലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു കോടതി.
യുവതി കോടതി നടപടികൾ ദുരുപയോഗം ചെയ്‌തെന്ന് ഇൻഡോറിലെ ഹൈക്കോടതി നിരീക്ഷിച്ചു. കോടതികളെ സവാരിക്ക് കൊണ്ടുപോകാൻ കഴിയില്ലെന്നും സത്യസന്ധമല്ലാത്ത പരാതികൾക്ക് മുന്നറിയിപ്പ് നൽകാൻ കൂടി വേണ്ടിയാണ് പിഴ ചുമത്തിയതെന്നും സിംഗിൾ ബെഞ്ച് ജസ്റ്റിസ് സുബോധ് അഭ്യങ്കർ പറഞ്ഞു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇൻഡോർ സ്വദേശിയായ യുവതി പരസ്‌പര സമ്മതത്തോടെ വിവാഹമോചിതയായിരുന്നു. തുടർന്ന് 50 ലക്ഷം രൂപ യുവതിയ്ക്ക് നഷ്‌ട പരിഹാരമായി ലഭിക്കുകയും ചെയ്‌തു. എന്നാൽ അഞ്ച് വർഷം മുൻപ് ഭർത്താവിനും ഭർതൃ വീട്ടുകർക്കുമെതിരെ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത പരാതി പിൻവലിക്കാമെന്ന ധാരണാപത്രം യുവതി ലംഗിക്കുകയായിരുന്നു.
2000 ൽ വിവാഹിതരായ ഇരുവർക്കും 20 വയസ് പ്രായമുള്ള ഒരു മകളുമുണ്ട്. ദമ്പതികൾ വിവാഹ മോചിതരായതിനു ശേഷം പിതാവിനോടൊപ്പമാണ് മകൾ താമസിക്കുന്നത്. സ്ത്രീധനത്തിന്‍റെ പേരിൽ ഉപദ്രവം, പീഡനം, സ്ത്രീയുടെ സമ്മതമില്ലാതെ ഗർഭച്ഛിദ്രം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് യുവതി കേസ് നൽകിയിരുന്നത്. എന്നാൽ കേസുകൾ കോടതി റദ്ദാക്കുകയും മുൻ ഭർത്താവിന് ഒരു ലക്ഷം രൂപ നഷ്‌ട പരിഹരണം നൽകാനും കോടതി ഉത്തരവിടുകയായിരുന്നു.