ബെംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതികളായ അമിത് ദിഗ്വേക്കർ, കെ.ടി നവീൻ കുമാർ, സുരേഷ് എച്ച്.എല്‍ എന്നിവർക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ജസ്‌റ്റിസ് എസ്. വിശ്വജിത് ഷെട്ടി അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
കേസിൽ കഴിഞ്ഞ 6 വർഷമായി ജയിലിൽ കഴിയുകയാണ് പ്രതികൾ. വിചാരണ പൂർത്തിയാകാത്തതിനാൽ ദീർഘകാലം ജയിലിൽ അടയ്ക്കാനാകില്ലെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. മുതിർന്ന അഭിഭാഷകരായ അരുൺ ശ്യാം, മധുകർ ദേശ് പാണ്ഡെ, ബസവരാജ സപ്പണ്ണവർ എന്നിവർ പ്രതികൾക്കായി ഹാജരായി. ഈ കേസിൽ എ-11 മോഹൻ നായിക്കിന് മാത്രമാണ് നേരത്തെ ജാമ്യം ലഭിച്ചത്.