ഹത്രാസിൽ തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ നടത്തിയില്ല: 'സത്സംഗ്' സംഘാടകർക്കെതിരെ കേസെടുക്കും; യുപി സർക്കാർ - HATHRAS STAMPEDE DEATH UPDATES - HATHRAS STAMPEDE DEATH UPDATES
ഹത്രാസിൽ 'സത്സംഗ്' ചടങ്ങിൽ പങ്കെടുക്കാൻ എത്തി തിക്കിലും തിരക്കിലും പെട്ട് വിശ്വാസികൾ മരിച്ച സംഭവത്തിൽ സംഘാടകർ തിരക്ക് നിയന്ത്രിക്കാൻ മതിയായ ക്രമീകരണങ്ങൾ നടത്തിയില്ലെന്ന് ആരോപണം. സംഘാടകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്ന് ഉത്തർപ്രദേശ് സർക്കാർ.
Published : Jul 3, 2024, 8:24 AM IST
|Updated : Jul 3, 2024, 10:12 AM IST
ഹത്രാസ് (ഉത്തർപ്രദേശ്) : ഉത്തർപ്രദേശിലെ ഹത്രാസിൽ ആത്മീയ ചടങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർ മരിച്ച സംഭവത്തിൽ സംഘാടകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്ന് യുപി സർക്കാർ. ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ സംഘാടകർ സജ്ജീകരിച്ചില്ലെന്നാണ് ആരോപണമുയരുന്നത്. ചടങ്ങിലേക്ക് നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം കുറവായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച അന്വേഷണ സംഘത്തോട് 24 മണിക്കൂറിനകം റിപ്പോർട്ട് നൽകാൻ ജില്ല കലക്‌ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പുൽരായ് ഗ്രാമത്തിൽ പതിനായിരത്തോളം ആളുകൾ പങ്കെടുത്ത 'സത്സംഗ്' ചടങ്ങിനിടെയാണ് ദുരന്തമുണ്ടായത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി ഭക്തർ പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു. പരിപാടിക്ക് ശേഷം ബാബ പോകാനിറങ്ങുമ്പോൾ വിശ്വാസികൾ ചരണ സ്‌പർശത്തിനായി ഓടിയതായും ഇതിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടായതെന്നുമാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഇന്നലെ (ജൂൺ 2) വൈകീട്ട് 3.30 ഓടെയാണ് സംഭവം.
സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ ആശുപത്രികളിലേക്ക് മാറ്റി. മൃതദേഹങ്ങളുടെ തിരിച്ചറിയൽ നടപടികൾ നടന്നുവരികയാണ്.
ആഗ്ര അഡിഷണൽ ഡയറക്‌ടർ ജനറൽ ഓഫ് പൊലീസ്, അലിഗഡ് ഡിവിഷണൽ കമ്മിഷണർ എന്നിവരടങ്ങുന്ന സംഘത്തിനാണ് അന്വേഷണ ചുമതല. രാഷ്ട്രപതി ദ്രൗപതി മുർമുവും മുഖ്യമന്ത്രി യോഗി ആദിത്യനാഥും അനുശോചനം രേഖപ്പെടുത്തി. ദുരിതാശ്വാസ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.