ചണ്ഡിഗഡ് : ഹരിയാന മുഖ്യമന്ത്രിയായി ചുമതലയേറ്റ നയാബ് സിംഗ് സൈനി ബുധനാഴ്‌ച (13-03-2024) നിയമസഭയിൽ വിശ്വാസ പ്രമേയം അവതരിപ്പിച്ചു (CM Nayab Singh Saini Moves Confidence Motion In State Assembly). പിന്നാലെ അഞ്ച് ജെജെപി എംഎൽഎമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. സത്യപ്രതിജ്ഞ ചെയ്‌ത ശേഷം നയാബ് സിംഗ് സൈനി സര്‍ക്കാരിന്‍റെ ആദ്യ മന്ത്രിസഭായോഗവും നടന്നു.
ദേവേന്ദർ സിംഗ് ബബ്ലി, രാം കുമാർ ഗൗതം, ഈശ്വർ സിംഗ്, രാം നിവാസ്, ജോഗി റാം സിഹാഗ് എന്നീ ജെജെപി അംഗങ്ങളാണ് നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയത്. വിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിൽ തങ്ങളുടെ 10 നിയമസഭാംഗങ്ങളോട് സഭയിൽ നിന്ന് വിട്ടുനിൽക്കാൻ ജെജെപി നേതൃത്വം ബുധനാഴ്‌ച (13-02-2024) ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രി നയാബ് സിംഗ് സൈനി പ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പ്, പൊടുന്നനെ നിയമസഭാസമ്മേളനം വിളിച്ചതിന്‍റെ ആവശ്യകതയെന്തെന്ന് കോണ്‍ഗ്രസ് എംഎൽഎമാർ സ്‌പീക്കർ ജിയാൻ ചന്ദ് ഗുപ്‌തയോട് ആരാഞ്ഞിരുന്നു.അടിയന്തര സമ്മേളനം വിളിക്കേണ്ടതിന്‍റെ ആവശ്യകത ഉണ്ടായിരുന്നില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ ചൂണ്ടിക്കാട്ടി.
മുഴുവന്‍ സഭാംഗങ്ങൾക്കും നിയമസഭയിൽ എത്താൻ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും സമ്മേളനം നിർത്തിവയ്ക്കണമെന്നും ഭൂപീന്ദർ സിംഗ് ഹൂഡ സ്‌പീക്കറോട് ആവശ്യപ്പെട്ടു. എന്നാൽ, കൃത്യസമയത്ത് സഭയിലെത്തേണ്ടത് അംഗങ്ങളുടെ കടമയാണെന്നായിരുന്നു സ്‌പീക്കറുടെ മറുപടി. മാത്രമല്ല ചർച്ച നടക്കട്ടെ, അതിനിടയിൽ അംഗങ്ങൾക്ക് സഭയിലെത്താമെന്നും സ്‌പീക്കർ പറഞ്ഞു.
90 അംഗ സംസ്ഥാന അസംബ്ലിയിൽ ബിജെപിക്ക് 41 അംഗങ്ങളുണ്ട്, കൂടാതെ ഏഴ് സ്വതന്ത്രരിൽ ആറ് പേരുടെയും ഹരിയാന ലോക്ഹിത് പാർട്ടി എംഎൽഎ ഗോപാൽ കാണ്ഡയുടെയും പിന്തുണയും ബിജെപിക്കുണ്ട്. ജെജെപിക്ക് 10 എംഎൽഎമാരാണ് സഭയിലുള്ളത്. പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന് 30 എംഎൽഎമാരുള്ളപ്പോൾ ഇന്ത്യൻ നാഷണൽ ലോക്‌ദളിന് ഒരു എംഎൽഎയാണുള്ളത്.
ALSO READ : തമിഴ്‌നാട്ടില്‍ ഡിഎംകെ സീറ്റ് വിഭജനം പൂര്‍ത്തിയായി; കോണ്‍ഗ്രസിന് 10 സീറ്റുകള്‍
ക്യാബിനറ്റ് മന്ത്രിമാരോടൊപ്പം മനോഹർ ലാൽ ഖട്ടർ അപ്രതീക്ഷിതമായി രാജിവച്ച് മണിക്കൂറുകൾക്കകം ചൊവ്വാഴ്‌ച (12-03-2024) ഹരിയാനയുടെ പുതിയ മുഖ്യമന്ത്രിയായി നയാബ് സിംഗ് സൈനിയെ ബിജെപി തെരഞ്ഞെടുക്കുകയായിരുന്നു. ഹരിയാന മുഖ്യമന്ത്രിയായിരുന്ന കാലത്ത് മനോഹർ ലാൽ ഖട്ടര്‍ വിവേചനമില്ലാതെ പ്രവർത്തിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നയാബ് സൈനി പറഞ്ഞു. പദ്ധതികൾ ആസൂത്രിതമായി അദ്ദേഹം ജനങ്ങളിലെത്തിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.