ന്യൂഡല്‍ഹി: ഹരിയാനയില്‍ നേതൃമാറ്റത്തിനൊരുങ്ങി ബിജെപി. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്‍റെ നേതൃത്വത്തിലുള്ള ബിജെപി-ജെജെപി സഖ്യ മന്ത്രിസഭ രാജിവെച്ചു. സഖ്യകക്ഷികളായ ബിജെപിയും ജനനായക് പാർട്ടിയും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് മന്ത്രിസഭയുടെ രാജിക്ക് കാരണം.
ഹരിയാനയില്‍ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനായി ബിജെപി കേന്ദ്ര നിരീക്ഷകരായി അർജുൻ മുണ്ട, തരുൺ ചുങ്ങ് എന്നിവർ ഹരിയാനയിലെത്തുന്നുണ്ട് (Manohar Lal Khattar likely to resign as Haryana CM).
ഖട്ടർ രാജിവെച്ച സാഹചര്യത്തില്‍ നയാബ് സെയ്‌നി, സഞ്ജയ് ഭാട്ടിയ എന്നിവരില്‍ ഒരാൾക്കാകും മുഖ്യമന്ത്രി പദം ലഭിക്കുക. അതേസമയം മനോഹർ ലാല്‍ ഖട്ടർ കർണ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
സഖ്യകക്ഷിയായ ദുഷ്യന്ത ചൗട്ടാലയുടെ ജെജെപിയുമായി നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തുവന്നതോടെയാണ് ബിജെപി കേന്ദ്ര നേതൃത്വം ഹരിയാനയില്‍ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തുന്നത്. ലോക്‌സഭയിലേക്ക് ജെജെപിക്ക് സീറ്റുകൾ നല്‍കാനാവില്ല എന്ന ബിജെപി നിലപാടാണ് അഭിപ്രായ വ്യത്യാസം രൂക്ഷമാക്കിയത് (Manohar Lal Khattar likely to resign as Haryana CM).
പത്തില്‍ രണ്ട് സീറ്റ് വേണമെന്നാണ് ജെജെപിയുടെ ആവശ്യം. 2019 ഒക്‌ടോബറില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 90 സീറ്റില്‍ 40 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. തുടർന്ന് ജെജെപിയുടെ 10 എംഎല്‍എമാരുടെ പിന്തുണയോടെയാണ് ബിജെപി സഖ്യസർക്കാർ രൂപീകരിച്ചത്. ദുഷ്യന്ത് ചൗട്ടാലയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും നല്‍കിയിരുന്നു.
അതേസമയം ജെജെപിയുമായി സഖ്യം വേർപിരിഞ്ഞ സാഹചര്യത്തില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരെ അടക്കം തീരുമാനിച്ച് ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. 46 പേരുടെ പിന്തുണയാണ് ഹരിയാനയില്‍ സർക്കാർ രൂപീകരിക്കാൻ വേണ്ടത്. 48 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് ബിജെപി അവകാശപ്പെടുന്നത്.