ഹൽദ്വാനി (ഉത്തരാഖണ്ഡ്): ബൻഭൂൽപുര ടൗണിൽ അനധികൃത പളളിയും മദ്‌റസ കെട്ടിടവും പൊളിച്ചതിനെ തുടർന്നുണ്ടായ ആക്രമണത്തിൽ ഒരാൾ കൂടി മരിച്ചു. വ്യാഴാഴ്‌ചയുണ്ടായ അക്രമണത്തിൽ മരിച്ചവരുടെ എണ്ണം ഇതോടെ ആറായി. സുശീല തിവാരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില ഗുരുതരമാണ്. ബൻഭൂൽപുര പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ഗഫൂർ ബസ്‌തിയിൽ താമസിക്കുന്ന മുഹമ്മദ് ഇസ്രാർ (50) എന്നയാൾക്ക് തലയ്ക്ക് വെടിയേൽക്കുകയും വ്യാഴാഴ്‌ച മുതൽ കോമയിലായിരുന്നു. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി മാറ്റി. പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു (Uttarakhand Death Toll Rises To Six In Haldwani Violence)
ഹൽദ്വാനി സംഘർഷം ഇങ്ങനെ: വ്യാഴാഴ്‌ചയാണ് ബൻഭൂൽപുരയിൽ കൈയേറ്റ ഭൂമിയിലാണെന്നാരോപിച്ച് ഹൽദ്വാനിയിൽ മദ്രസയും നമസ്‌കാരസ്ഥലവും പ്രാദേശിക ഭരണകൂടം പൊളിച്ചുമാറ്റിയത്. ഭരണനിർവ്വഹണം കയ്യേറ്റ വിരുദ്ധം നടത്തിയതിന് പിന്നാലെ സംഘർഷമുണ്ടാവുകയായിരുന്നു. സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ പ്രതിഷേധവുമായെത്തിയ ജനക്കൂട്ടം ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിക്കുകയും ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഭീകരമാവുകയായിരുന്നു.
ഇതിനിടെ ബന്‍ഭൂല്‍പുര പൊലീസ് സ്‌റ്റേഷന് നേരെയും കല്ലേറുണ്ടാവുകയും സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാവുകയും ചെയ്‌തു. ജനങ്ങൾ ലോക്കൽ പോലീസ് സ്‌റ്റേഷൻ വളഞ്ഞ ശേഷം ഭരണകൂടം വെടിയുതിർക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. അക്രമണത്തിൽ 300ലധികം പേർക്ക് പരിക്കേറ്റിരുന്നു.
ആക്രമണത്തെ തുടർന്ന് ഉത്തരാഖണ്ഡ് സർക്കാർ തിങ്കളാഴ്‌ച സംസ്ഥാനത്തുടനീളമുള്ള ഉദ്യോഗസ്ഥരെ മാറ്റിയിരുന്നു. നേരത്തെ ഉദ്ദം സിംഗ് നഗറിൽ ചീഫ് ഡെവലപ്‌മെൻ്റ് ഓഫിസറായിരുന്ന ഐഎഎസ് ഓഫിസർ വിശാൽ മിശ്രയെ ഹൽദ്വാനിയിൽ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണറായി സർക്കാർ നിയമിച്ചിട്ടുണ്ട്. ഹൽദ്വാനിയിൽ മുനിസിപ്പൽ കോർപ്പറേഷൻ കമ്മിഷണറായിരുന്ന പങ്കജ് ഉപാധ്യായയെ ഉദംസിംഗ് നഗറിലെ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റായി നിയമിച്ചിരുന്നു.
സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ മേഖലയില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ താത്‌കാലികമായി നിര്‍ത്തിവയ്‌ക്കാന്‍ സംസ്ഥാന എഡിജി എപി അന്‍ഷുമാന്‍ നിര്‍ദേശം നല്‍കിയിരുന്നു. സംഘർഷത്തിന് ഒരാഴ്‌ച മുമ്പ് ഉപാധ്യായ തൻ്റെ ടീമിനൊപ്പം ഭൂമി സീൽ ചെയ്യാൻ പോയപ്പോൾ അക്രമത്തിൻ്റെ സൂത്രധാരനായ അബ്‌ദുൾ മാലിക് അനധികൃത അധിനിവേശത്തിൻ്റെ പേരിൽ അദ്ദേഹവുമായി പ്രശ്‌നമുണ്ടാക്കിയിരുന്നു.
ഉപാധ്യായയോട് ജനങ്ങൾക്ക് അതൃപ്‌തിയുണ്ടെന്നും അതിനാൽ പൊതുജനങ്ങളെ സമാധാനിപ്പിക്കാനാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയതെന്നും വൃത്തങ്ങൾ അറിയിച്ചു. അതേസമയം ഹൽദ്വാനിയിലേക്ക് കൂടുതൽ കേന്ദ്രസേനയെ അയക്കണമെന്ന് ഉത്തരാഖണ്ഡ് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.