അസം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭീമാകാരമായ പ്രതിമ നിർമിക്കാനൊരുങ്ങി വ്യവസായി. ഗുവാഹത്തി സ്വദേശിയായ അസാമീസ് വ്യവസായി നബിൻ ചന്ദ്ര ബോറയാണ് പ്രതിമ നിർമിക്കാൻ ഒരുങ്ങുന്നത്. ബോറയുടെ സ്വപ്‌നമാണ് പ്രധാനമന്ത്രിയുടെ പ്രതിമ നിർമിക്കുകയെന്നത്.
പ്രതിമയുടെ നിർമാണ പ്രവർത്തനങ്ങൾ ഈ വർഷം തന്നെ ആരംഭിക്കും. വ്യവസായിയുടെ ഈ തീരുമാനം സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്ന് അഭിനന്ദനം അറിയിച്ചുള്ള കത്തും ഇയാൾക്ക് ലഭിച്ചു. ഗുവാഹത്തി ജലുക്ബാരിയിലെ പ്രധാന ബസ് സ്റ്റാൻഡിന് സമീപമുള്ള ബോറയുടെ സ്വന്തം ഭൂമിയിലാണ് പ്രതിമ നിർമിക്കുന്നത്.
തിങ്കളാഴ്‌ച ആരംഭിച്ച ഭൂമി പൂജ മൂന്ന് ദിവസം നീണ്ടുനിൽക്കും. 200 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന പ്രതിമയുടെ ഉയരം 60 അടി അടിത്തട്ട് ഉൾപ്പടെ മൊത്തം 250 അടി ഉയരത്തിലായിരിക്കുമെന്ന് ബോറ ഇ ടി വി ഭാരതിനോട് പറഞ്ഞു.
വെങ്കല പ്രതിമയുടെ രൂപരേഖ പൂർത്തിയായിട്ടുണ്ട്. പദ്ധതി പ്രകാരം, 190 അടി ഉയരമുള്ള ഈ പ്രതിമയുടെ കഴുത്തിൽ അസമീസ് സംസ്‌കാരത്തിൻ്റെ പ്രതീകമായ ഗമോസ ഉൾപ്പെടുത്തും. പ്രതിമ സ്ഥാപിക്കുന്നത് സംബന്ധിച്ച വിശദമായ വിവരം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വസ്‌തുതകള്‍ മറച്ചുവയ്‌ക്കാതെ തൻ്റെ വരുമാന സ്രോതസ് അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.
ഈ പ്രൊജക്റ്റ് പ്രധാനമന്ത്രിക്കുള്ള ട്രിബ്യൂട്ട് ആണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രധാനമന്ത്രിമാരിൽ ഒരാളാണ് അദ്ദേഹം. പ്രധാനമന്ത്രിയുടെ ഏറ്റവും ഉയരമുള്ള പ്രതിമ നിർമിക്കാൻ സാധിച്ചത് എന്‍റെ ഭാഗ്യമാണ്. തന്‍റെ ഈ തീരുമാനത്തിൽ ഒരു രാഷ്ട്രീയവും ഇല്ല - ബോറ പ്രതികരിച്ചു. പ്രതിമയുടെ അനാച്ഛാദനം പ്രധാനമന്ത്രി തന്നെ നിർവഹിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.