ഗുജറാത്ത്: ഇന്ത്യൻ രാഷ്‌ട്രീയത്തിലെ പ്രധാന പോര്‍ക്കളമായ ഗുജറാത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, 26 ലോക്‌സഭ മണ്ഡലങ്ങളിൽ 25 എണ്ണത്തിലും ഭാരതീയ ജനതാ പാർട്ടി (ബിജെപി) മികച്ച ലീഡ്. ഗുജറാത്തിലെ ബനസ്‌കന്തയിൽ ജെനിബെൻ താക്കൂർ വിജയിച്ചു. 2014 ന് ശേഷം ഗുജറാത്തിൽ പ്രതിപക്ഷത്തിൻ്റെ ആദ്യ വിജയമാണിത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗാന്ധിനഗറിൽ വിജയിച്ചപ്പോൾ ബിജെപി സംസ്ഥാന അധ്യക്ഷൻ സിആർ പാട്ടീൽ നവസാരിയിൽ ലീഡ് ചെയ്യുന്നു. കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ പോർബന്തറിൽ ലീഡ് ചെയ്യുന്നു. മറ്റെല്ലാ സ്ഥാനാർഥികളും മത്സരത്തിൽ നിന്ന് പുറത്തായതിനെത്തുടർന്ന് സൂറത്തിൽ ബിജെപി സ്ഥാനാർഥി മുകേഷ് ദലാൽ എതിരില്ലാതെ വിജയിച്ചു.
ബനസ്‌കന്ത പിടിച്ചെടുത്ത കോൺഗ്രസ്, പടാന്‍ മണ്ഡലത്തിലും ലീഡ് ചെയ്യുന്നു. നവസാരിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ സിആർ പാട്ടീലാണ് ലീഡ് ചെയ്യുന്നത്. ഗുജറാത്തിലെ ഗോത്രമേഖലയായ ദാഹോദ്, ഛോട്ടാ ഉദേപൂർ, പഞ്ച്മഹൽ എന്നിവിടങ്ങളിൽ എല്ലാ മണ്ഡലങ്ങളിലും ബിജെപി ലീഡ്. ബിജെപി കോട്ടയെന്ന് പലപ്പോഴും വാഴ്ത്തപ്പെടുന്ന ഈ സംസ്ഥാനം പാർട്ടിയുടെ ശക്തമായ ആധിപത്യത്തെ അടിവരയിടുകയാണ്.
2014 ലെയും 2019 ലെയും പൊതുതെരഞ്ഞെടുപ്പുകളിൽ ഗുജറാത്തിലെ 26 ലോക്‌സഭാ സീറ്റുകളിലും ബിജെപി വിജയിച്ചു എന്നത് ശ്രദ്ധേയമാണ്. എന്നിരുന്നാലും, സമീപ വർഷങ്ങളിൽ, ആം ആദ്‌മി പാർട്ടി സംസ്ഥാനത്ത് വലിയ മുന്നേറ്റം നടത്തി. എഎപിയും കോൺഗ്രസും ചേർന്നാണ് ഇത്തവണ ഗുജറാത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. കോൺഗ്രസ് 24 സീറ്റുകളിൽ മത്സരിക്കാനൊരുങ്ങുകയായിരുന്നെങ്കിലും സൂറത്തിലെ സ്ഥാനാർഥിയുടെ നാമനിർദ്ദേശ പത്രിക റദ്ദാക്കിയതിനാൽ ബിജെപി ഇവിടെ വിജയിച്ചു.
ഇതോടെ 23 സീറ്റുകളിൽ കോൺഗ്രസ് മത്സരിച്ചു. ബറൂച്ച്, ഭാവ്‌നഗർ സീറ്റുകളിലാണ് ആം ആദ്‌മി പാർട്ടി മത്സരിച്ചത്. കഴിഞ്ഞ തവണ ഗുജറാത്തിലെ എല്ലാ സീറ്റുകളിലും താമര വിരിഞ്ഞിരുന്നു. കാവി പാർട്ടിയുടെ ഏറ്റവും സ്വാധീനമുള്ള രണ്ട് നേതാക്കളായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ആസ്ഥാനം കൂടിയാണ് സംസ്ഥാനം.
ALSO READ: ദക്ഷിണേന്ത്യ ആർക്കൊപ്പം?: ബിജെപിയോ അതോ ഇന്ത്യ സഖ്യമോ; ആരാണ് മുന്നില്‍, ഫലം ഇങ്ങനെ