ന്യൂഡൽഹി: ഓഗസ്റ്റിലെ ചരക്ക് സേവന നികുതി (ജിഎസ്‌ടി) ശേഖരണം, മൊത്തം 1.74 ലക്ഷം കോടി രൂപയായതായി കണക്കുകള്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 ശതമാനത്തിന്‍റെ വർധനയാണ് ജിഎസ്‌ടി ശേഖരണത്തില്‍ ഉണ്ടായിരിക്കുന്നത്. 2023 ഓഗസ്റ്റിൽ മൊത്തം ശേഖരണം 1.59 ലക്ഷം കോടി രൂപയായിരുന്നു. CGST, SGST, IGST, സെസ് എന്നിവയെല്ലാം ക്രമാതീതമായി വര്‍ധിച്ചതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
2024-ൽ ഇതുവരെ മൊത്തം ജിഎസ്‌ടി കളക്ഷൻ 10.1 ശതമാനം ഉയർന്ന് 9.13 ലക്ഷം കോടി രൂപയായി. ഏപ്രിലിൽ മൊത്തം ജിഎസ്‌ടി മോപ്പ്-അപ്പ് 2.10 ലക്ഷം കോടി രൂപയായി ഉയർന്നു. ജൂലൈയിൽ ജിഎസ്‌ടി 1.82 ലക്ഷം കോടി രൂപയായിരുന്നു. മെയ്, ജൂൺ മാസങ്ങളിൽ യഥാക്രമം 1.73 ലക്ഷം കോടി, 1.74 ലക്ഷം കോടി എന്നിങ്ങനെയായിരുന്നു കളക്ഷൻ.
2023-24 സാമ്പത്തിക വർഷത്തിൽ, മൊത്തം ജിഎസ്‌ടി കളക്ഷൻ 20.18 ലക്ഷം കോടി രൂപയായിരുന്നു. അതായത്, മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 11.7 ശതമാനം വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 2024 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തില്‍ ശരാശരി പ്രതിമാസ കളക്ഷൻ 1.68 ലക്ഷം കോടി രൂപയായി. മുൻ വർഷത്തെ ശരാശരി 1.5 ലക്ഷം കോടി രൂപയായിരുന്നു.
2017 ജൂലൈ 1 മുതലാണ് രാജ്യത്ത് ചരക്ക് സേവന നികുതി നിലവിൽ വന്നത്. ഹെയര്‍ ഓയില്‍, ടൂത്ത് പേസ്റ്റ്, സോപ്പ്, ഡിറ്റർജന്‍റുകൾ, വാഷിങ് പൗഡർ, ഗോതമ്പ്, അരി, തൈര്, ലസ്സി, മോര്, റിസ്റ്റ് വാച്ചുകൾ, 32 ഇഞ്ച് വരെയുള്ള ടിവി, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, മൊബൈൽ ഫോണ്‍ എന്നിവയെ ജിഎസ്‌ടിയില്‍ നിന്ന് ഒഴിവാക്കുകയോ നിരക്കുകൾ വെട്ടിക്കുറക്കുകയോ ചെയ്‌തിട്ടുണ്ട്. ജിഎസ്‌ടി നിലവില്‍ വന്നതിന് ശേഷം ഉപഭോക്താക്കൾക്ക് വീട്ടുചിലവില്‍ പ്രതിമാസം നാല് ശതമാനമെങ്കിലും ലാഭം ഉണ്ടായതെന്നാണ് ധനമന്ത്രാലയത്തിന്‍റെ ഒരു പഠനം സൂചിപ്പിക്കുന്നത്.