ന്യൂഡല്‍ഹി: കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെയുടെ സേവന കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. 25 മാസത്തെ സേവനത്തിന് ശേഷം ഈ മാസം 31ന് പാണ്ഡെ വിരമിക്കാനിരിക്കെയാണ് നടപടി.
ഇന്ന് മന്ത്രിസഭ നിയമന സമിതി തീരുമാനം അംഗീകരിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ജൂണ്‍നാലിന് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ശേഷം രൂപീകരിക്കുന്ന പുതിയ സര്‍ക്കാര്‍ ജനറല്‍ പാണ്ഡെയുടെ പിന്തുടര്‍ച്ചക്കാരനെ നിയമിക്കും. പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായാണ് ഇത്തരത്തില്‍ ഒരു സൈനിക മേധാവിയുടെ കാലാവധി നീട്ടി നല്‍കുന്നത്.
2022 ഏപ്രില്‍ മുപ്പതിനാണ് കരസേനാ മേധാവിയായി ജനറല്‍ പാണ്ഡെയെ നിയമിച്ചത്. 1982ല്‍ ബോംബെ സാപ്പേഴ്‌സില്‍ കോര്‍പ്പ്സ് ഓഫ് എന്‍ജിനീയേഴ്‌സിലാണ് ഇദ്ദേഹം സേവനം ആരംഭിച്ചത്. ചീഫ് ഓഫ് ആര്‍മി സ്‌റ്റാഫ് ആയി നിയമിക്കപ്പെടും മുമ്പ് വൈസ് ചീഫ് ഓഫ് ആര്‍മി സ്‌റ്റാഫ് ആയും സേവനം അനുഷ്‌ഠിച്ചു. വിരമിക്കുന്ന ഓഫീസര്‍മാരുടെ സെമിനാറില്‍ വച്ച് അദ്ദേഹത്തിന് വിരമിക്കല്‍ യാത്രയയപ്പ് നല്‍കിയിരുന്നു. താഴെയുള്ള രണ്ട് ഉദ്യോഗസ്ഥരും ജൂണില്‍ തന്നെ വിരമിക്കുന്ന സാഹചര്യത്തിലാണ് ഇദ്ദേഹത്തിന് കാലാവധി നീട്ടി നല്‍കിയത്.
Also Read: 'അതിര്‍ത്തി സുരക്ഷയില്‍ വിട്ടുവീഴ്‌ചയില്ല, മണിപ്പൂരില്‍ ക്രമസമാധാനം ഉറപ്പിക്കാനായി': കരസേന മേധാവി