ന്യൂഡല്‍ഹി: ഉന്നത തസ്‌തികകളില്‍ ലാറ്ററൽ എൻട്രി വഴി നിയമനം നടത്താനുള്ള പരസ്യം പിൻവലിക്കാൻ യുപിഎസ്‌സിയോട് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച് കേന്ദ്ര പേഴ്‌സണൽ സഹമന്ത്രി ജിതേന്ദ്ര സിങ് യുപിഎസ്‌സി ചെയർമാൻ പ്രീതി സുദന് കത്തെഴുതി. സംവരണത്തിന് വ്യവസ്ഥ ഇല്ലാത്തതിനാലാണ് പിന്മാറ്റം എന്നാണ് കത്തിൽ പറയുന്നത്.
വിജ്ഞാപനമിറക്കുന്ന തസ്‌തികകൾ സ്പെഷ്യലൈസ്‌ഡ് സിംഗിൾ കേഡർ തസ്‌തികകളായതിനാൽ ഈ നിയമനങ്ങളിൽ സംവരണത്തിന് വ്യവസ്ഥയില്ല. പ്രധാനമന്ത്രി സാമൂഹികനീതി ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പശ്ചാത്തലത്തിൽ വിജ്ഞാപനത്തിൽ പരിഷ്‌കരണം. പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം സംവരണം സാമൂഹിക നീതിയുടെ മൂലക്കല്ലാണെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
സർക്കാർ വകുപ്പുകളിലെ സ്പെഷ്യലിസ്റ്റുകളുടെ നിയമനം എന്ന് വിളിക്കപ്പെടുന്ന ലാറ്ററൽ എൻട്രി വഴി 45 ജോയിൻ്റ് സെക്രട്ടറിമാർ, ഡയറക്‌ടർമാർ, ഡെപ്യൂട്ടി സെക്രട്ടറിമാർ എന്നിവരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വിജ്ഞാപനം ഓഗസ്റ്റ് 17-ന് യുപിഎസ്‌സി പുറത്തിറക്കിയിരുന്നു. എന്നാൽ, കേന്ദ്ര നീക്കത്തിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്ത് എത്തി.
ഈ വിജ്ഞാപനം ഒബിസി, എസ്‌സി, എസ്‌ടി വിഭാഗങ്ങളുടെ സംവരണാവകാശങ്ങൾക്ക് തുരങ്കം വയ്ക്കുന്നതാണെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ നിലപാട്. നിലവില്‍ പരസ്യം പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം സ്വേച്ഛാധിപത്യത്തിന്‍റെ ധാർഷ്ട്യത്തിന് കിട്ടിയ തിരിച്ചടിയെന്ന് കോൺഗ്രസ് പ്രതികരിച്ചു.
സാമൂഹിക നീതിക്കുവേണ്ടിയുള്ള കോൺഗ്രസിന്‍റെ പോരാട്ടം സംവരണം തട്ടിയെടുക്കാനുള്ള ബിജെപിയുടെ പദ്ധതികളെ പരാജയപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. സംവരണം തട്ടിയെടുക്കാനുള്ള പുതിയ നീക്കങ്ങളുമായി ബിജെപി വീണ്ടും വരുമെന്നും ഖാർഗെ എക്‌സിൽ കുറിച്ചു.
എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ ബിജെപി തയ്യാറായിട്ടില്ല. സർക്കാർ ഇതിനോടകം തന്നെ തീരുമാനമെടുത്ത വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് പാര്‍ട്ടി വക്താവ് സുധാൻഷു ത്രിവേദി പറഞ്ഞു.