ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൂന്നാം തവണയും എന്‍ഡിഎ വിജയിച്ചതില്‍ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ലോക നേതാക്കള്‍. നേപ്പാൾ, ഭൂട്ടാൻ, മൗറീഷ്യസ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നാണ് ബിജെപിക്കും നരേന്ദ്ര മോദിക്കും അഭിനന്ദന പ്രവാഹമെത്തിയത്.
'മൂന്നാം തവണയും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നേട്ടം കൈവരിച്ച ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അഭിനന്ദനങ്ങളെന്ന്' മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്‌നൗത്ത് പറഞ്ഞു. 'പ്രധാനമന്ത്രി മോദി ജിക്ക് അഭിനന്ദനങ്ങള്‍, നിങ്ങളുടെ നേതൃത്വത്തില്‍ ഏറ്റവും നല്ല ജനാധിപത്യ രാജ്യമായി ഇന്ത്യ ഇനിയും തുടരട്ടെ. ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ബന്ധം കാലങ്ങളോളം നിലനില്‍ക്കട്ടെ'യെന്നും പ്രവിന്ദ് കുമാർ ജുഗ്‌നൗത്ത് പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എക്‌സിലൂടെയാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്.
മൂന്നാം തവണയും ലോക്‌സഭ തെരഞ്ഞെടുപ്പിലെ എന്‍ഡിഎയുടെ വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങളെന്ന് നേപ്പാൾ പ്രധാനമന്ത്രി പ്രചണ്ഡ പറഞ്ഞു. എക്‌സിലൂടെയാണ് അദ്ദേഹം അഭിനന്ദനങ്ങള്‍ അറിയിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാക്കി ഇന്ത്യയെ മാറ്റിയതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിജയത്തില്‍ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ശ്രീലങ്കന്‍ പ്രസിഡന്‍റ് റനില്‍ വിക്രമസിംഗെ. ഇന്ത്യയിലെ എന്‍ഡിഎയുടെ വിജയത്തില്‍ താന്‍ ഊഷ്‌മളമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഇന്ത്യക്ക് ഏറ്റവും അടുത്തുള്ള അയല്‍ രാജ്യമായ ശ്രീലങ്കയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്നും വിക്രമസിംഗെ പറഞ്ഞു.
'ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ കാത്തിരിക്കുകയാണെന്ന്' ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്ഗേ പറഞ്ഞു. 'ലോക്‌സഭ തെരഞ്ഞെടുപ്പിലെ തുടര്‍ച്ചയായ മൂന്നാം വിജയത്തിന് തന്‍റെ സുഹൃത്ത് നരേന്ദ്ര മോദിക്കും എന്‍ഡിഎയ്‌ക്കും അഭിനന്ദനങ്ങള്‍. അദ്ദേഹം ഭാരതത്തെ വലിയ ഉയരങ്ങളിലേക്ക് നയിക്കുകയാണ്. ഇന്ത്യയുമായി അടുത്ത് ബന്ധം പുലര്‍ത്താന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും' ടോബ്‌ഗേ പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിന് പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകരെ നരേന്ദ്ര മോദി അഭിനന്ദിച്ചിരുന്നു. തുടര്‍ച്ചയായി മൂന്നാം തവണയും ജനങ്ങള്‍ എന്‍ഡിഎയില്‍ വിശ്വാസമര്‍പ്പിച്ചു. ഇത് ഇന്ത്യന്‍ ചരിത്രത്തിലെ വലിയ നേട്ടമാണ്. എന്‍ഡിഎയ്‌ക്ക് വോട്ട് രേഖപ്പെടുത്തിയ മുഴുവന്‍ വോട്ടര്‍മാര്‍ക്കും മോദി നന്ദി അറിയിച്ചു. ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇനിയും നല്ല പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.