ബെംഗളൂരു : അപ്പാര്‍ട്ട്‌മെന്‍റിലെ നീന്തൽ കുളത്തില്‍ 10 വയസുകാരി മരിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. ഒന്നരമാസം മുമ്പാണ് നീന്തൽക്കുളത്തിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടി വൈദ്യുതാഘാതമേറ്റ് മരിച്ചത്. സംഭവത്തില്‍ അപ്പാര്‍ട്ട്‌മെന്‍റ് അസോസിയേഷൻ പ്രസിഡന്‍റ് ഉൾപ്പടെ ഏഴുപേരെയാണ് വർത്തൂർ പൊലീസ് അനാസ്ഥ ആരോപിച്ച് അറസ്റ്റ് ചെയ്‌തത്.
ഡിസംബർ 28 ന്, വർത്തൂരിലെ പ്രസ്റ്റീജ് ലേക്‌സൈഡ് ഹാബിറ്റാറ്റ് അപ്പാർട്ട്‌മെന്‍റില്‍ താമസിച്ചിരുന്ന 10 വയസുകാരി കളിക്കുന്നതിനിടെ നീന്തല്‍ കുളത്തില്‍ വീഴുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ പിതാവ് രാജേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അപ്പാർട്ട്മെന്‍റ് അസോസിയേഷൻ ഉടമ ദേബാഷിസ് ഷൈന, ജാവേദ് സഫീഖ് റാവു, സന്തോഷ് മഹാറാണ, ബികാസ് കുമാർ, ഭക്ത്ചരൺ, സുരേഷ്, ഗോവിന്ദ മണ്ഡൽ എന്നിവരെ അനാസ്ഥാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിടിയിലായവരില്‍ ഇലക്‌ട്രിക്കൽ, സ്വിമ്മിംഗ് പൂൾ അറ്റകുറ്റപ്പണികൾ നടത്തുന്നവരും ഉള്‍പ്പെടുന്നു.
സംഭവം ഇങ്ങനെ : വർത്തൂരിലെ പ്രസ്റ്റീജ് ലേക്ക് സൈഡ് അപ്പാർട്ട്‌മെന്‍റില്‍ താമസിക്കുന്ന രാജേഷിന്‍റെ മകൾ ഡിസംബർ 28 ന് രാത്രി 7.30 ഓടെ കളിച്ചുകൊണ്ടിരിക്കെ കുളത്തില്‍ വീഴുകയായിരുന്നു. അപ്പാര്‍ട്ട്‌മെന്‍റിലെ താമസക്കാരില്‍ ചിലര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടി നീന്തല്‍ കുളത്തിന് സമീപം കളിച്ചുകൊണ്ടിരിക്കുന്നത് സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
കുട്ടി കുളത്തില്‍ വീണ് 10 മിനിറ്റിന് ശേഷമാണ് അപ്പാര്‍ട്ട്‌മെന്‍റിലെ താമസക്കാര്‍ വിവരം അറിയുന്നത്. 7.50 ഓടെ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങളും സിസിടിവി ക്യാമറയില്‍ ഉണ്ട്. ഇതേ തുടര്‍ന്ന് മകളുടെ മരണത്തില്‍ പിതാവ് രാജേഷ് സംശയം പ്രകടിപ്പിച്ചു. അന്വേഷണം ആവശ്യപ്പെട്ട് വര്‍ത്തൂര്‍ പൊലീസില്‍ പരാതി നല്‍കി. കേസ് രജിസ്റ്റർ ചെയ്‌ത് ഒന്നര മാസത്തിന് ശേഷം ഏഴ് പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.