കോട്ട (രാജസ്ഥാൻ) : രാജസ്ഥാനിലെ കോട്ടയിൽ വ്യാജ തട്ടിക്കൊണ്ടുപോകൽ സൃഷ്‌ടിച്ച മധ്യപ്രദേശിൽ നിന്നുള്ള 21 കാരിയായ യുവതിയെ ഇൻഡോറിൽ നിന്ന് പൊലീസ് കണ്ടെത്തി. റഷ്യയിൽ തന്‍റെ മെഡിക്കൽ പഠനത്തിന് വേണ്ടി 30 ലക്ഷം രൂപ ലഭിക്കാൻ വേണ്ടിയാണ് വ്യാജ തട്ടിക്കൊണ്ടുപോകൽ നടത്തിയത്.
ഇൻഡോറിൽ നിന്ന് കസ്‌റ്റഡിയിലെടുത്ത കാവ്യ ധാക്കദിനെയും കൂട്ടാളി ഹർഷിത്തിനെയും ചോദ്യം ചെയ്യലിനായി കോട്ടയിലേക്ക് കൊണ്ടുവന്നു. ചോദ്യം ചെയ്‌തതിനെ തുടർന്നാണ് പൊലീസ് ഈ വിവരം വെളിപ്പെടുത്തിയത്. വ്യാജ തട്ടിക്കൊണ്ടുപോകലിന് പിന്നിലെ ലക്ഷ്യത്തെക്കുറിച്ച് കാവ്യ ധാക്കദ് കുറ്റസമ്മതം നടത്തി.
രണ്ടാഴ്‌ചയിലേറെയായി കാണാതായ ഇരുവരെയും മധ്യപ്രദേശ് പൊലീസ് ചൊവ്വാഴ്‌ച (മാർച്ച് 2) ഇൻഡോറിൽ നിന്നാണ് കണ്ടെത്തി രാജസ്ഥാൻ പൊലീസിന് കൈമാറിയത്. മധ്യപ്രദേശിലെ ശിവപുരി സ്വദേശിനിയായ കാവ്യ, തട്ടിക്കൊണ്ടുപോകൽ പദ്ധതി ആസൂത്രണം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചത് യൂട്യൂബ് വീഡിയോയാണെന്ന് പൊലീസിനോട് പറഞ്ഞു.
കാവ്യയെ തട്ടിക്കൊണ്ടുപോയെന്ന് കാവ്യയുടെ പിതാവ് രഘുവീർ ധാക്കദ് മാർച്ച് 18 ന് വിഗ്യാൻ നഗർ പൊലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നാണ് യുവതിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതെന്ന് പൊലീസ് സൂചിപ്പിച്ചു. അന്വേഷണത്തിൽ, അമ്മയ്‌ക്കൊപ്പം 2023 ഓഗസ്‌റ്റ് 2 ന് കാവ്യ കോട്ടയിലെത്തിയതായി കണ്ടെത്തി, മാത്രമല്ല കോച്ചിങ് ക്ലാസുകളിൽ ചേർക്കുന്നതിനും ഹോസ്‌റ്റലിൽ താമസിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയതിനും ശേഷമാണ് അമ്മ മടങ്ങി പോയതെന്ന് കോട്ട (സിറ്റി) എസ്‌പി അമൃത ദുഹാൻ പറഞ്ഞു.
എന്നാൽ, കാവ്യ അവിടെ മൂന്ന് ദിവസം മാത്രമാണ് ചെലവഴിച്ചത്. തുടർന്ന് ഇൻഡോറിലേക്ക് താമസം മാറി, അവിടെ തന്‍റെ രണ്ട് പുരുഷ സുഹൃത്തുക്കൾക്കൊപ്പം താമസിച്ചുവെന്നും അവർ പറഞ്ഞു. താൻ രാജസ്ഥാനിലെ കോച്ചിങ് സെന്‍ററിലാണെന്ന് വിശ്വസിപ്പിച്ച് മാതാപിതാക്കളെ കബളിപ്പിക്കാൻ യുവതി ചിത്രങ്ങളും സന്ദേശങ്ങളും അയച്ചിരുന്നുവെന്നും കോട്ട പൊലീസ് വിശദീകരിച്ചു.
അടുത്തിടെയാണ്, മധ്യപ്രദേശിലെ ശിവപുരിയിൽ താമസിക്കുന്ന അവളുടെ മാതാപിതാക്കൾക്ക് മോചനദ്രവ്യമായി 30 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് കൈയും കാലും കെട്ടിയ മകളുടെ ചിത്രങ്ങൾ ലഭിച്ചത്. ഇതിനെത്തുടർന്ന് അവർ രഘുവീർ പൊലീസിനെ സമീപിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ, മെഡിക്കൽ പ്രവേശന പരീക്ഷയിൽ വിജയിക്കാൻ കഴിയില്ലെന്ന് കരുതിയതായി കാവ്യ പൊലീസിനോട് പറഞ്ഞുവെന്ന് എസ്‌പി പറഞ്ഞു.
അതിനാൽ, ഹർഷിത്തിന്‍റെ സഹായത്തോടെ, റഷ്യയിൽ എംബിബിഎസ് കോഴ്‌സിന് പ്രവേശനത്തിന് പണം ക്രമീകരിക്കാൻ യുവതി ഇൻഡോറിൽ വച്ച് വ്യാജ തട്ടിക്കൊണ്ടു പോകൽ കെട്ടിച്ചമച്ചു. ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം മാത്രമേ ഇന്ത്യയിലേക്ക് മടങ്ങാൻ കാവ്യ പദ്ധതിയിട്ടിരുന്നുള്ളൂവെന്നും, ഓഫിസർ അറിയിച്ചു. മാർച്ച് 18 ന് കാവ്യയും ഹർഷിത്തും ജയ്‌പൂരിലെത്തി മാതാപിതാക്കളെ വിളിച്ച് 30 ലക്ഷം രൂപയുടെ മോചനദ്രവ്യം ആവശ്യപ്പെട്ടു. അതിന്‍റെ അടുത്ത ദിവസം തന്നെ ഇരുവരും ഇൻഡോറിലേക്ക് മടങ്ങി.
മാർച്ച് 19 ന് ഇരുവരും ഇൻഡോറിൽ നിന്ന് ചണ്ഡീഗഢിലേക്ക് പുറപ്പെട്ടു, ഒടുവിൽ അമൃത്സറിലെത്തി, അവിടെ അവർ ഒരു ഗുരുദ്വാരയിൽ താമസിച്ചു. ഒടുവിൽ മാർച്ച് 29 ന് അവർ വീണ്ടും ഇൻഡോറിലേക്ക് മടങ്ങി. ഇൻഡോർ പൊലീസ് അവരെ കണ്ടെത്തിയ ഉടനെ, ഇരുവരെയും കസ്‌റ്റഡിയിലെടുക്കുകയും കോട്ട പൊലീസിൽ അറിയിക്കുകയും ചെയ്‌തു. ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് എസ്‌പി പറഞ്ഞു.
വ്യാജ തട്ടിക്കൊണ്ടുപോകൽ കേസുണ്ടാക്കിയതിന് ഇരുവർക്കുമെതിരെ നടപടിയെടുക്കാൻ പൊലീസ് നിയമോപദേശം തേടുകയാണെന്നും, ഇവരെ പൊലീസ് കസ്‌റ്റഡിയിൽ വച്ചിരിക്കുകയാണെന്ന് വിഗ്യാൻ നഗർ പൊലീസ് സ്‌റ്റേഷനിലെ സർക്കിൾ ഓഫിസർ സതീഷ് ചൗധരി പറഞ്ഞു.