ബൻസ്വാര: തേയിലയെന്ന് തെദ്ധിരിച്ച് ചിതൽ നാശിനിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചതിന് പിന്നാലെ പതിനാലുകാരനടക്കം നാല് പേർക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ ബൻസ്വാര ജില്ലയിലെ നാൽഡ ഗ്രാമത്തിലാണ് സംഭവം. ചായപ്പൊടിക്ക് പകരം കീടനാശിനി ഉപയോഗിച്ചതാകാം മരണ കാരണം എന്നാണ് പൊലീസ് നിഗമനം. മരണത്തിന്‍റെ യഥാർത്ഥ കാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം വ്യക്തമാകുമെന്നും പൊലീസ് അറിയിച്ചു
നാല്‍ഡ ഗ്രാമത്തിലെ ശംഭുലാല്‍ എന്ന വ്യക്തിയുടെ വീട്ടില്‍ ഞായറാഴ്‌ച വൈകുന്നേരമാണ് സംഭവം. കുടുംബത്തിലെ മറ്റ് അംഗങ്ങൾ മറ്റൊരു ഗ്രാമത്തിൽ ഒരു ചടങ്ങില്‍ പങ്കെടുക്കാൻ പോയിരുന്നു. ഈ സമയത്ത് ശംഭുലാലിന്‍റെ വീട്ടുകാര്‍ അയൽവാസിയായ ലാലു റാമിന്‍റെ കുടുംബത്തെ വീട്ടിലേക്ക് ക്ഷണിച്ചു.
ഇവിടെയുണ്ടാക്കിയ ചായ കുടിച്ചതോടെ 6 പേർക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. നിര്‍ത്താതെ ഛർദ്ദിക്കാൻ ആരംഭിച്ചതോടെ ഇവരെ ആംബുലൻസില്‍ എംജി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ലാലു റാമിന്‍റെ ഭാര്യ ദാരിയ (55) എംജി ആശുപത്രിയില്‍ ചികിത്സയലിരിക്കേ മരിച്ചു. ശംഭുലാലിന്‍റെ ഭാര്യ ചന്ദ (26) യെ മെച്ചപ്പെട്ട ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.
ഇന്ന് (09-12-2024) രാവിലെയാണ് ശംഭുലാലിന്‍റെ മകൻ അക്ഷ രാജ് (14) ഉദയ്പൂരിലെ ആർഎൻടി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. അക്ഷ രാജിന്‍റെ അമ്മൂമ്മയും മരിച്ചു. ചായ കുടിച്ച മറ്റു ചിലർ ഉദയ്‌പൂരിൽ ചികിത്സയിലാണ്.
ചിതലുകളെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന കീടനാശിനി ഇട്ടാണ് ചായ ഉണ്ടാക്കിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി അംബാപുര പൊലീസ് സ്റ്റേഷൻ ഓഫീസർ മീണ പറഞ്ഞു. അടുക്കളയിൽ കറുത്ത ബാഗിൽ ഈ കീടനാശിനി സൂക്ഷിച്ചിരുന്നതായും മീണ വ്യക്തമാക്കി. ഇതും തേയില പോലെ തന്നെ തോന്നിക്കുന്നതാണ്.
തേയിലക്ക് അരികിൽ കീടനാശിനി ആരെങ്കിലും മനപ്പൂര്‍വം വെച്ചതാണോ എന്നതില്‍ അന്വേഷണം തുടരുകയാണെന്നും മീണ വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടത്തിനായി ഒരു സംഘത്തെ ഉദയ്‌പൂരിലേക്ക് അയച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്ന ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു.
ബൻസ്വാര എംഎൽഎ അർജുൻ സിങ് ബമാനിയയും ഡെപ്യൂട്ടി ജില്ലാ തലവൻ ഡോ. വികാസ് ബമാനിയയും ഇരകളുടെ കുടുംബത്തെ സന്ദര്‍ശിച്ച് സാധ്യമായ എല്ലാ സഹായവും സർക്കാർ നൽകുമെന്ന് ഉറപ്പുനൽകി.
Also Read : രാജസ്ഥാന്‍റെ ക്രിസ്‌തുമസ് ചരിത്രം; ബ്രിട്ടീഷ്‌കാല മിഷനറിമാരുടെ പാരമ്പര്യം