പട്‌ന: ബീഹാറിലെ കിഷൻഗഞ്ചിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികളടക്കം 4 പേർ മരിച്ചു. ആറ് പേർക്ക് പൊള്ളലേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. കിഷൻഗഞ്ച് ജില്ലയിലെ സദർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഗ്യാസ് ചോർച്ചയാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
വീട്ടമ്മ പാചകം ചെയ്യുന്നതിനിടെയാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. അപകടം നടന്നയുടൻ പ്രദേശവാസികൾ ചേർന്ന് പൊള്ളലേറ്റവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ പ്രാദേശിക ആശുപത്രിയിൽ മതിയായ ചികിത്സ നൽകാനുള്ള സൗകര്യങ്ങളില്ലെന്നും വിദഗ്‌ദ ചികിത്സയ്‌ക്കായി പൊള്ളലേറ്റവരെ ഭഗൽപൂരിലേക്ക് കൊണ്ടുപോകാനും ആശുപത്രി അധികൃതർ ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് പൊള്ളലേറ്റവരെ പൂർണിയ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെയാണ് 4 പേർ മരിച്ചത്. പൊള്ളലേറ്റ ആറ് പേർ പൂർണിയ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നതായി ഡോക്‌ടർമാർ പറഞ്ഞു.
അതേസമയം ഡോക്‌ടറുടെ അനാസ്ഥ മൂലമാണ് 4 പേർ മരിച്ചതെന്നും, കൃത്യസമയത്ത് ചികിത്സ നൽകിയിരുന്നെങ്കിൽ എല്ലാവരുടെയും ജീവൻ രക്ഷിക്കാമായിരുന്നെന്നും മരിച്ചവരുടെ ബന്ധുക്കൾ ആരോപിച്ചു. പാചകം ചെയ്യുന്നതിനിടെ സിലിണ്ടറിന് തീപിടിച്ച് പൊട്ടിത്തെറിച്ചതാണെന്ന് മരിച്ച യുവതിയുടെ ബന്ധു പറഞ്ഞു.
Also Read: മാവൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്