ഭോപ്പാൽ: മധ്യപ്രദേശിൽ കോട്ടമതിൽ തകർന്ന് വീണ് ഏഴ് പേർ മരിച്ചു. ദാതിയ ജില്ലയിലെ ചരിത്ര സ്‌മാരകമായ രാജ്‌ഗഡ് കോട്ടയുടെ മതിൽ പൊളിഞ്ഞ് വീണാണ് അപകടം നടന്നത്. വ്യാഴാഴ്‌ച (സെപ്റ്റംബർ 12) പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം.
കഴിഞ്ഞ രണ്ട് ദിവസമായി ജില്ലയിൽ പെയ്‌ത മഴയാണ് ഈ ദുരന്തത്തിലേക്ക് നയിച്ചത്. കനത്ത മഴയെ തുടർന്ന് സമീപത്തെ വീടിന് മുകളിലേക്ക് മതിൽ പൊളിഞ്ഞ് വീഴുകയായിരുന്നു. മതിലിന് 400 വർഷത്തോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്.
ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രണ്ട് പേരെ മാത്രമാണ് രക്ഷിക്കാനായത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗനില തൃപ്‌തികരമാണെണെന്ന് അധികൃതർ അറിയിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സംസ്ഥാന ദുരന്ത നിവാരണ സേനയുടെ (എസ്‌ഡിആർഎഫ്) നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിൽ ആദ്യം മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. സംഭവസ്ഥലത്തേക്കുള്ള വഴി ഇടുങ്ങിയതായതിനാൽ ജെസിബിയും പോക്ലെയിൻ മെഷീനും ഉടനെ എത്തിക്കാൻ സൗകര്യമുണ്ടായിരുന്നില്ല. പിന്നീട് പോക്ലെയിൻ മെഷീൻ എത്തിച്ച് മതിൽ കുറച്ച് കൂടി പൊളിച്ചാണ് അവശേഷിക്കുന്ന നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയത്.
പോലീസ് സൂപ്രണ്ടും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മുഖ്യമന്ത്രി മോഹൻ യാദവ് സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് 4 ലക്ഷം രൂപ വീതം ദുരിതാശ്വാസ തുക പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read:മധുരയിലെ വനിത ഹോസ്‌റ്റലിൽ തീപിടിത്തം; രണ്ട് പേർ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്