ന്യൂഡല്‍ഹി : തമിഴ്‌നാട്ടില്‍ നിര്‍ണായകമായ രാഷ്ട്രീയ നീക്കം. 15 മുന്‍ എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു (former MLAs from Tamil Nadu join BJP). അണ്ണാ ഡി എം കെ, കോണ്‍ഗ്രസ്, ഡി എം ഡി കെ നേതാക്കളാണ് ഇന്ന് ബിജെപി അംഗത്വമെടുത്തത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ സാന്നിധ്യത്തിലാണ് ഇവര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപിയില്‍ അംഗത്വം സ്വീകരിച്ച അണ്ണാ ഡിഎംകെ നേതാക്കളിലേറെയും കൊങ്ങു മേഖലയില്‍ നിന്നുള്ളവരാണ്.
രണ്ടുതവണ കരൂര്‍ എംഎല്‍എയായിരുന്ന കെ വടിവേലു, 2011ല്‍ കോയമ്പത്തൂര്‍ എംഎല്‍എ ആയിരുന്ന ആര്‍ ദുരൈ സ്വാമി, രണ്ട് തവണ പൊള്ളാച്ചി എംഎല്‍എ ആയിരുന്ന മുതിര്‍ന്ന നേതാവ് എം വി രത്നം, രണ്ടുതവണ കോയമ്പത്തൂരിലെ സിംഗാനെല്ലൂര്‍ എംഎല്‍എയും അണ്ണാ ഡി എം കെ തൊഴിലാളി വിഭാഗം നേതാവും ആയിരുന്ന ആര്‍ ചിന്നസ്വാമി, അരുവിക്കുറിച്ചി എംഎല്‍എ ആയിരുന്ന പി എസ് കന്ദസ്വാമി, മൂന്നുതവണ തേനി എംഎല്‍എയായിരുന്ന വി ആര്‍ ജയരാമന്‍, മൂന്നുതവണ എംഎല്‍എയും മൃഗസംരക്ഷണ മന്ത്രിയുമായിരുന്ന ഗോമതി ശ്രീനിവാസന്‍, ദിണ്ടിഗല്‍ വേടസന്തൂര്‍ മണ്ഡലത്തില്‍ നിന്നുള്ള മുന്‍ എംഎല്‍എ എസ് എം വാസന്‍, ആണ്ടി മഠം മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ തങ്കരശ്, ഭുവനഗിരി മുന്‍ എംഎല്‍എ അരുള്‍, പാളയം കോട്ടൈയില്‍ നിന്നുള്ള മുന്‍ ഡി എം കെ എംഎല്‍എ ഗുരുനാഥന്‍, മുന്‍ എംഎല്‍എ സെല്‍വി മുരുകേശന്‍, തിട്ടുക്കുടിയില്‍ നിന്നുള്ള മുന്‍ ഡി എം ഡി കെ എംഎല്‍എ തമിഴകന്‍, കാട്ടുമന്നാര്‍ കോവില്‍ മുന്‍ എംഎല്‍എ രാജേന്ദ്രന്‍, കുളത്തൂര്‍ മുന്‍ എംഎല്‍എ ആര്‍ രോഹിണി, മുന്‍ എം പി കുളന്ത വേലു എന്നിവര്‍ രാജീവ് ചന്ദ്ര ശേഖറില്‍ നിന്ന് അംഗത്വമെടുത്തു.
തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ, കേന്ദ്ര മന്ത്രി എല്‍ മുരുകന്‍, മുന്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്‌ണന്‍, മഹിള മോര്‍ച്ച അധ്യക്ഷ വനതി ശ്രീനിവാസന്‍ എന്നിവര്‍ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സന്നിഹിതരായിരുന്നു. തമിഴ്‌നാട്ടിലും കേരളത്തിലും ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമുള്ള ജന പിന്തുണ ഏറി വരുന്നതിന് തെളിവാണ് വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കള്‍ സംഘടനയില്‍ ചേരുന്നതെന്ന് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നേതാക്കള്‍ ജന്തര്‍ മന്ദറില്‍ പ്രക്ഷോഭ നാടകം നടത്തുമ്പോള്‍ അണികള്‍ ബിജെപിയിലേക്ക് ഒഴുകുകയാണെന്നും അദ്ദേഹം പറഞ്ഞു.