ചെന്നൈ: ചെന്നൈ കലാക്ഷേത്ര നൃത്തവിദ്യാലയത്തിലെ പൂർവ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മുൻ പ്രൊഫസർ അറസ്‌റ്റിൽ. ചെന്നൈ സ്വദേശിയും കലാക്ഷേത്ര മുൻ പ്രൊഫസറും ആയിരുന്ന ഷീജിത്ത് കൃഷ്‌ണ(51) ആണ് പിടിയിലായത്. നീലങ്ങരയിലെ വനിത പൊലീസ് സ്‌റ്റേഷനിലെ ഇൻസ്‌പെക്‌ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
ചോദ്യം ചെയ്യലിനിടെ മുൻ വിദ്യാർഥിനിയെ പീഡിപ്പിച്ചതായി ഇയാൾ സമ്മതിച്ചു. ഇതിന് പിന്നാലെയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. മുൻപും കലാക്ഷേത്ര നൃത്തവിദ്യാലയത്തിൽ സമാന സംഭവം ഉണ്ടായിരുന്നു.
ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് കലാക്ഷേത്രയിലെ മറ്റ് നാല് പ്രൊഫസർമാർക്കെതിരെ വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു. തുടർന്ന് കലാക്ഷേത്രയിലെ പ്രൊഫസർ ഹരി പത്മനാഥനെ അറസ്‌റ്റ് ചെയ്‌തിരുന്നു. കഴിഞ്ഞ വർഷമാണ് ഇയാൾക്ക് ജാമ്യം ലഭിച്ചത്.
തുടർന്ന് കലാക്ഷേത്ര ഭരണസമിതിക്ക് വേണ്ടി റിട്ടയേർഡ് ജസ്റ്റിസ് കണ്ണൻ്റെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചിരുന്നു. നിലവിൽ കമ്മിറ്റി സമഗ്രമായ അന്വേഷണം നടത്തിവരികയാണ്. ഇതിനിടയിലാണ് മുൻ പ്രൊഫസർ ലൈംഗികമായി പീഡിപ്പിച്ചതായി വിദേശത്ത് താമസിക്കുന്ന പൂർവ വിദ്യാർഥിനി പരാതി നൽകിയത്.
പൂർവ വിദ്യാർഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രൊഫസർ ഷീജിത്ത് കൃഷ്‌ണ കുറ്റക്കാരനാണെന്ന് തെളിഞ്ഞത്.
Also Read: പത്തനംതിട്ടയില്‍ 12 വയസുകാരിയെ പീഡിപ്പിച്ചു ; പിതാവിന് മൂന്ന് ജീവപര്യന്തം