ഭുവനേശ്വർ (ഒഡീഷ): റാമോജി ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ സ്ഥാപകനായ റാമോജി റാവുവിന് ആദരാഞ്ജലികൾ അർപ്പിച്ച് ഇടിവി ഒഡിയ വാർത്താ ചാനലിലെ മുൻ ജീവനക്കാർ. റാമോജി റാവുവിന്‍റെ സ്‌മരണയ്ക്കായി ഭുവനേശ്വറലെ ബിന്ദു സാഗർ തടാകത്തില്‍ മുങ്ങി 'ദശ' ആചരിച്ചായിരുന്നു മുന്‍ ജീവനക്കാരുടെ ആദരവ്. ഒഡീഷയിലെ ഹിന്ദു പാരമ്പര്യമനുസരിച്ച് മരണത്തിന് പത്ത് ദിവസം കഴിഞ്ഞ് ആചരിക്കുന്ന ചടങ്ങാണ് ദശ. തിങ്കളാഴ്ച രാവിലെ വൈദികരുടെ നേതൃത്വത്തിൽ മുണ്ഡനം ചെയ്‌ത് തടാകത്തില്‍ മുങ്ങി കുളിച്ച ശേഷമാണ് പരമ്പരാഗതമായ ചടങ്ങുകൾ നടത്തിയത്.
തങ്ങളോരോരുത്തരിലും, ഇന്ത്യൻ മാധ്യമരംഗത്തും റാമോജി റാവു ചെലുത്തിയ ആഴത്തിലുള്ള സ്വാധീനത്തെ ആദരിക്കാനും അംഗീകരിക്കാനുമുള്ള ഒരു മാർഗമാണിതെന്ന് ചടങ്ങിന്‍റെ ഭാഗമായ മുന്‍ ജീവനക്കാര്‍ പറഞ്ഞു. 'ഇന്ത്യൻ മാധ്യമങ്ങളെ പുനർനിർവചിച്ച ദീർഘദർശിയായിരുന്നു റാമോജി റാവു' എന്ന് ഇടിവി ഒഡിയയുടെ മുൻ ജീവനക്കാരായ പ്രവാകർ ദലൈയും ദിനഭഞ്ജൻ പാണ്ഡയും പറഞ്ഞു. 'വാർത്ത, വിനോദ പ്രോഗ്രാം, പ്രിൻ്റ്, ടെലിവിഷൻ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവയുടെ ഒരു പുതിയ യുഗത്തിന് അദ്ദേഹം തുടക്കമിട്ടു. അദ്ദേഹത്തിൻ്റെ വിയോഗം തെലുങ്ക് മാധ്യമ വ്യവസായത്തിൽ മാത്രമല്ല, ഇന്ത്യയുടെ മുഴുവൻ മീഡിയ ലാൻഡ്‌സ്‌കേപ്പിലും ഒരു ശൂന്യത സൃഷ്‌ടിച്ചു.' - അവർ പറഞ്ഞു.
മാധ്യമ രംഗത്തെ മികവിന്‍റെ പര്യായമായി മാറിയ പദ്‌മവിഭൂഷൺ റാമോജി റാവു, നിരവധി പ്രമുഖ സ്ഥാപനങ്ങളുടെ ദീർഘവീക്ഷണമുള്ള സ്ഥാപകനായിരുന്നു. വ്യാപക പ്രചാരമുള്ള തെലുങ്ക് ദിനപത്രമായ ഈനാട്, ബഹുഭാഷാ ടെലിവിഷൻ നെറ്റ്‌വർക്കായ ഇടിവി, ലോകത്തിലെ ഏറ്റവും വലിയ ഇൻ്റഗ്രേറ്റഡ് ഫിലിം സ്‌റ്റുഡിയോ കോംപ്ലക്‌സായ റാമോജി ഫിലിം സിറ്റി, ശക്തമായ ബഹുഭാഷാ ഡിജിറ്റൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇടിവി ഭാരത് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ജൂൺ 8 ശനിയാഴ്‌ച പുലർച്ചെ 4.50ന് ഹൈദരാബാദിലെ സ്റ്റാർ ഹോസ്‌പിറ്റലിൽ ചികിത്സയിലിരിക്കെ 87-ാം വയസിലായിരുന്നു റാമോജി റാവുവിന്‍റെ അന്ത്യം. മാധ്യമങ്ങളിലൂടെ ജനത്തെയും ഭാഷയെ തന്നെയും സ്വാധീനിച്ച യഥാർഥ പത്രപ്രവർത്തകനായി വാഴ്‌ത്തപ്പെടുന്ന റാമോജി റാവുവിന്‍റെ വിടവ് നികത്താനാകാത്തതാണ്. ഇന്ത്യൻ മാധ്യമ വ്യവസായത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വരും തലമുറകളാൽ സ്‌മരിക്കപ്പെടും.