സിര്‍മൗര്‍ : ഹിമാചല്‍ പ്രദേശിലെ സിർമൗർ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ ചുർധാര്‍ മലയില്‍ കുടുങ്ങിയ ഇന്ത്യന്‍ വംശജരായ അമേരിക്കൻ ടൂറിസ്‌റ്റുകളെ രക്ഷപ്പെടുത്തി ഇന്ത്യന്‍ വ്യോമസേന. ചുര്‍ധാര്‍ മലയില്‍ രണ്ട് സ്‌ത്രീകൾ കുടുങ്ങിക്കിടക്കുന്നതായി പ്രാദേശിക ഭരണകൂടത്തിന് വിവരം ലഭിച്ചതിനെ തുടർന്ന് വ്യോമസേനയുടെ സഹായം തേടുകയായിരുന്നു.
ഇന്ന് രാവിലെയാണ് രണ്ട് ചീറ്റ ഹെലികോപ്റ്ററുകൾ ചുർധാറിനടുത്തുള്ള തിസ്രി എന്ന സ്ഥലത്ത് എത്തി രണ്ട് സ്‌ത്രീകളെയും എയർലിഫ്റ്റ് ചെയ്‌തത്. വെള്ളിയാഴ്‌ച വൈകുന്നേരമാണ് ചുർധാറിലെ തിസ്രിയിൽ വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചത്.
കൂട്ടത്തില്‍ ഒരു സ്‌ത്രീയുടെ നട്ടെല്ലിന് ശസ്‌ത്രക്രിയ നടന്നിട്ടുണ്ട്. ട്രെക്കിങ്ങിനിടെ ഇവരുടെ ആരോഗ്യ നില വഷളാവുകയായിരുന്നു. വിവരം ലഭിച്ചയുടന്‍ സ്ഥലത്തേക്ക് പൊലീസിനെയും ഡോക്‌ടർമാരെയും മറ്റ് ഉദ്യോഗസ്ഥ സംഘത്തെയും അയച്ചിരുന്നു. ശനിയാഴ്‌ച സ്ഥാനത്തെത്തിയ എസ്‌ഡിഎഫ് ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്‌ത് നല്‍കിയിരുന്നു.
ഇവരുടെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് സാധാരണ സ്‌ട്രെച്ചറിൽ കൊണ്ടുവരാൻ ബുദ്ധിമുട്ടായായതിനാലാണ് വ്യോമസേനയുടെ സഹായം തേടിയത്. ശനിയാഴ്‌ച രാവിലെ വ്യോമസേനയുടെ ചീറ്റ ഹെലികോപ്റ്ററെത്തി ഇരുവരെയും കയറ്റിവിടുകയായിരുന്നു. ഇരുവരെയും ചികിത്സക്കായി ചണ്ഡീഗഡിലേക്ക് മാറ്റി. ഇതിന് മുമ്പും ചുർധാർ മലയിൽ വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്ന സംഭവം ഉണ്ടായിട്ടുണ്ട്.
Also Read : ട്രെക്കിംഗിനിടെ കാല്‍ വഴുതി വീണു; ഇന്ത്യന്‍ വനിതാ ഡോകടര്‍ക്ക് ബ്രിസ്‌ബെയ്‌നില്‍ ദാരുണാന്ത്യം