ഭോപ്പാല്‍: കൂട്ടുകാരുമൊത്ത് വയലില്‍ കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീണ അഞ്ച് വയസുകാരനെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. മധ്യപ്രദേശ് രേവ ജില്ലയിലെ മണിക ഗ്രാമത്തില്‍ ഇന്നലെയാണ് (ഏപ്രില്‍ 12) കുട്ടി കുഴല്‍ക്കിണറില്‍ അകപ്പെട്ടത്. കുഴല്‍ക്കിണറിന് സമാന്തരമായി കുഴി എടുത്ത് കുട്ടിയെ പുറത്ത് എത്തിക്കാനുള്ള ശ്രമങ്ങളിലാണ് അധികൃതര്‍.
ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് മണ്ണുമാന്തി യന്ത്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വാരണാസിയില്‍ നിന്നുള്ള സംഘത്തേയും എത്തിക്കും. കുട്ടി നിലവില്‍ കിണറിന്‍റെ ഏത് ഭാഗത്താണ് ഉള്ളതെന്ന് കൃത്യമായി മനസിലാക്കാൻ സാധിച്ചിട്ടില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.
അതേസമയം, അടുത്തിടെ കർണാടകയിൽ കുഴൽകിണറിൽ വീണ കുട്ടിയെ ഇരുപത് മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ പുറത്തെടുത്തിരുന്നു. കൃഷിയിടത്തിലെ കുഴൽക്കിണറിലാണ് കുട്ടി വീണത്. കര്‍ണാടക വിജയപുര ജില്ലയിലെ ഇൻഡി താലൂക്കിനടുത്തുള്ള ലച്യാന ഗ്രാമത്തിലാണ് സംഭവം നടന്നത്. സതീഷ് മുജഗൊണ്ട പൂജ മുജഗൊണ്ട എന്നിവരുടെ മകൻ സാത്വിക് (2) ആയിരുന്നു പിതാവിന്‍റെ കൃഷിയിടത്തിലെ കുഴൽക്കിണറിൽ വീണത്.