ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ഡൽഹി പൊലീസിന് നിർദ്ദേശം നല്‍കി (FIR Against Rahul Gandhi). 2021 ൽ ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വ്യക്തിത്വവും വിശദാംശങ്ങളും വെളിപ്പെടുത്തി എക്‌സില്‍ പോസ്‌റ്റ് ചെയ്‌തതിനാണ് നടപടി. ഡൽഹി പൊലീസിന്‍റെ സ്‌പെഷ്യൽ സെൽ പോക്‌സോ നിയമത്തിലെ വകുപ്പുകൾ പ്രകാരം രാഹുൽ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു.
ആക്‌ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഡൽഹി പൊലീസിന്‍റെ അഭിഭാഷകൻ, രാഹുല്‍ പുറത്തുവിട്ട സോഷ്യൽ മീഡിയ പോസ്റ്റിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും ഈ വിഷയത്തിൽ തുടർ നടപടികൾ നിലനിൽക്കുന്നുണ്ടെന്നും അറിയിച്ചു. ഇതോടെ വിഷയത്തിൽ എഫ്‌ഐആർ ആവശ്യപ്പെട്ട് മകരന്ദ് സുരേഷ് മദ്‌ലേക്കർ സമർപ്പിച്ച പൊതുതാല്‍പര്യ ഹർജി ജസ്റ്റിസ് മൻമീത് പിഎസ് അറോറ അടങ്ങുന്ന ബെഞ്ച് തീർപ്പാക്കി.
2021 ൽ ഡൽഹി കന്റോൺമെന്‍റ് ഏരിയയിലെ ശ്‌മശാനത്തിനുള്ളിൽ ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടതാണ് കേസ്. ദാരുണമായ സംഭവത്തെത്തുടർന്ന്, ഇരയായ പെൺകുട്ടിയുടെ കുടുംബത്തെ രാഹുല്‍ സന്ദര്‍ശിക്കുകയും പെൺകുട്ടിയുടെ മാതാപിതാക്കൾക്കൊപ്പമുള്ള ചിത്രങ്ങള്‍ സഹിതം തന്‍റെ സോഷ്യൽ മീഡിയ ഹാൻഡിൽ പോസ്റ്റ് ചെയ്യുകയും ചെയ്‌തു. ഇത് ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്നതാണ്.
ഇത് ശ്രദ്ധയിൽപ്പെട്ട കമ്മീഷൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നിന്ന് പ്രസ്‌തുത പോസ്റ്റ് നീക്കം ചെയ്യണമെന്ന് നോട്ടീസ് നൽകി. കൂടാതെ, വിഷയത്തിൽ നടപടിയെടുക്കാനും പോക്‌സോ, ഐപിസി എന്നിവയുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ ഫയൽ ചെയ്യാനും ഡൽഹി പൊലീസിന് നോട്ടീസ് നൽകി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 228 എ പ്രകാരം, ബലാത്സംഗത്തിന് ഇരയായ വ്യക്തിയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്നത് ശിക്ഷാര്‍ഹമാണ് കൂടാതെ രണ്ട് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് രജിസ്ട്രാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹിയിലെ സ്‌പെഷ്യൽ സെൽ പോക്‌സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം ലോക്‌സഭാംഗമായ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ 240/2021 പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് ഡൽഹി പൊലീസിനെ പ്രതിനിധീകരിച്ച അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു.