പാടേരു (ആന്ധ്രാപ്രദേശ്) : റോഡ് സൗകര്യമില്ലാത്തതിനാൽ മകന്‍റെ മൃതദേഹം 8 കിലോമീറ്ററോളം ഇരുട്ടിൽ ചുമന്ന് പിതാവ്. അല്ലൂരി ജില്ലയിലാണ് സംഭവം. കൊട്ടയ്യ-സീത ദമ്പതികളുടെ രണ്ടു വയസുള്ള മകനാണ് അസുഖം ബാധിച്ച് മരിച്ചത്.
അനന്തഗിരി മണ്ഡലത്തിലെ ചിങ്കോണം സ്വദേശികളായ ഇവര്‍ ഗുണ്ടൂർ ജില്ലയിലെ കൊല്ലൂരിലേക്ക് കുടിയേറി, അവിടെ വച്ചാണ് മകൻ അസുഖം ബാധിച്ച് മരണപ്പെടുന്നത്. മൃതദേഹം ഏറ്റുവാങ്ങി അവർ ആംബുലൻസിൽ നാട്ടിലേക്ക് മടങ്ങി. എന്നാൽ ആദിവാസി മലയോര ഗ്രാമങ്ങളിലേക്ക് റോഡ് സൗകര്യമില്ലാത്തതിനാൽ ആംബുലൻസ് ജീവനക്കാർ അവരെ വിജയനഗരം ജില്ലയിലെ മെന്‍റട മണ്ഡല്‍ വാണിജ ഗ്രാമത്തിൽ ഇറക്കി.
ശേഷം മകന്‍റെ മൃതദേഹവും ചുമന്ന് 8 കിലോമീറ്റർ നടന്നാണ് പിതാവ് ജന്മനാടായ ചിങ്കോണത്ത് എത്തിയത്. സർക്കാർ ഉറപ്പുനൽകുന്നുണ്ടെങ്കിലും മലയോരഗ്രാമങ്ങളിൽ റോഡില്ലാത്തതിനാൽ തങ്ങളും സമാനസാഹചര്യങ്ങൾ നേരിടുന്നുണ്ടെന്ന സങ്കടമാണ് പ്രദേശവാസികള്‍ പ്രകടിപ്പിക്കുന്നത്. ഇനിയെങ്കിലും അധികൃതർ ഇടപെട്ട് റോഡുകളുടെ നിർമാണം ഏറ്റെടുക്കണമെന്നാണ് അവരുടെ ആവശ്യം.
ALSO READ: സംശയ രോഗം; കാമുകിയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി വനത്തിൽ തള്ളി, യുവാവ് പിടിയിൽ