ചണ്ഡീഗഡ് : വിളകൾക്ക് മിനിമം താങ്ങുവില ഉൾപ്പെടെയുളള ആവശ്യങ്ങൾ ഉന്നയിച്ച് കർഷക സംഘടനകൾ നടത്തുന്ന ഡൽഹി ചലോ മാർച്ച് ആറാം ദിവസത്തിലേക്ക്. ഡൽഹി മാർച്ചിനെത്തിയ കർഷകരെ പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭുവിൽ തടഞ്ഞുവച്ചിരിക്കയാണ്. അതേസമയം കർഷക നേതാക്കളുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം.
ഇതുവരെ കർഷക സംഘടനകളുടെ നേതാക്കളുമായി മൂന്ന് തവണ യോഗം ചേർന്നെങ്കിലും പ്രശ്‌നത്തിന് പരിഹാരമായിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിൽ കർഷകരുമായി കേന്ദ്രം ചണ്ഡിഗഡിൽ വച്ച് ഇന്ന് വൈകിട്ട് യോഗം ചേരും. കർഷകരും കേന്ദ്രവും തമ്മിലുളള നാലാമത്തെ കൂടിക്കാഴ്‌ചയായിരിക്കും ഇന്ന് നടക്കാൻ പോകുന്നത്.
നേരത്തെ നടന്ന മൂന്ന് ചർച്ചയും ഫലം കണ്ടില്ലായിരുന്നു. ഈ കൂടിക്കാഴ്‌ചയിൽ ഇരുവിഭാഗങ്ങളും തമ്മിൽ ധാരണയിലെത്തി പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇന്ന് നടക്കുന്ന ചർച്ചയിൽ തീരുമാനമുണ്ടായില്ലെങ്കിൽ ഡൽഹിയിലേക്ക് മാർച്ച് നടത്തുമെന്നാണ് കർഷകർ അറിയിച്ചത്.
പ്രക്ഷോഭം തുടരാൻ കർഷകർ : നേരത്തെ നടന്ന മൂന്ന് ചർച്ചയും ഫലം കണ്ടിരുന്നില്ല. ഇന്ന് നടക്കുന്ന ചർച്ചയിൽ തീരുമാനമുണ്ടായില്ലെങ്കിൽ ഡൽഹിയിലേക്ക് മാർച്ച് നടത്തുമെന്നാണ് കർഷകർ അറിയിച്ചത്. നേരത്തെ നടന്ന യോഗങ്ങളിലൊന്നും തന്നെ ഫലം കണ്ടില്ല എന്ന് മാത്രമല്ല കർഷകർക്കനുകൂലമായ പരിഹാരമോ നല്ല വാർത്തകളോ ലഭിച്ചില്ല.
വിളകൾക്ക് മിനിമം താങ്ങുവില നൽകുക, വായ്‌പ എഴുതിത്തള്ളൽ തുടങ്ങി വിവിധ ആവശ്യങ്ങളാണ് കർഷകർ ഉന്നയിക്കുന്നത്. സുരക്ഷ സേന കർഷകരെ തടയാൻ ശ്രമിക്കുകയും കണ്ണീർ വാതക പ്രയോഗവും പ്ലാസ്‌റ്റിക് ബുള്ളറ്റുകളും കർഷകർക്ക് നേരെ പ്രയോഗിക്കുകയും ചെയ്‌തിട്ടുണ്ടെങ്കിലും കർഷകർ പ്രതിഷേധവുമായി മുന്നോട്ട് പോവുകയാണ്.
നാലാംവട്ട ചർച്ച ഫലം കാണുമോ?: കഴിഞ്ഞ ദിവസം കർഷക നേതാക്കളുമായി കേന്ദ്രം നടത്തിയ മൂന്ന് റൗണ്ട് ചർച്ചകളും അനുകൂലമായ അന്തരീക്ഷത്തിലാണ് നടന്നത്. ഫെബ്രുവരി 8 ന് ആദ്യ റൗണ്ട് ചർച്ചയും, കർഷകർ ഡൽഹിയിലേക്ക് മാർച്ച് ചെയ്യുന്നതിന് മുൻപായി 4 ദിവസത്തിന് ശേഷം ഫെബ്രുവരി 12 ന് രണ്ടാം ഘട്ട ചർച്ചയും 3 ദിവസത്തിന് ശേഷം ഫെബ്രുവരി 15 ന് മൂന്നാം ഘട്ട ചർച്ചയും നടന്നു.
എന്നാൽ മൂന്നാംവട്ട ചർച്ചയും പരാജയപ്പെട്ടതിനാൽ നാലാം ചർച്ച ഫെബ്രുവരി 18 ന് വൈകുന്നേരം 6 മണിക്ക് നടത്താനാണ് പുതിയ തീരുമാനം. കേന്ദ്രമന്ത്രിമാരെ കൂടാതെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഒന്നും മൂന്നും യോഗങ്ങളിൽ പങ്കെടുത്തിരുന്നുവെങ്കിലും പ്രശ്‌നത്തിന് പരിഹാരം കാണാനായില്ല.
ടോൾ പ്ലാസകൾ ഇന്ന് മുതൽ സൗജന്യം: പഞ്ചാബിലെ എല്ലാ ടോൾ പ്ലാസകളും ഇന്ന് മുതൽ സൗജന്യമായിരിക്കും. ഇന്ത്യൻ ഫാർമേഴ്‌സ് യൂണിയൻ കണക്ഷനുമായി ബന്ധപ്പെട്ട് കർഷകർ ടോൾ പ്ലാസയിൽ സമരത്തിലാണ്. പഞ്ചാബ് ബിജെപി അധ്യക്ഷൻ സുനിൽ ജാഖർ, മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംങ്, കേവൽ ധില്ലൻ എന്നിവരുടെ വീടുകൾക്ക് മുന്നിലും കർഷകർ പ്രതിഷേധിച്ചിരുന്നു.
പിന്തുണ പ്രഖ്യാപിച്ച ഹരിയാന കർഷകരും: പഞ്ചാബിലെ കർഷകർക്ക് പിന്തുണയുമായി ഹരിയാന കർഷകരും രംഗത്തെത്തിയിട്ടുണ്ട്. ഭാരതീയ കിസാൻ യൂണിയൻ (Charuni) ഇന്ന് ഉച്ചയ്ക്ക് കുരുക്ഷേത്രയിൽ കിസാൻ-ഖാപ് പഞ്ചായത്ത് വിളിച്ചു ചേർക്കും. ഇവിടെ നിന്നും ഹരിയാനയിൽ പ്രസ്ഥാനം ആരംഭിക്കുമെന്ന് പ്രഖ്യാപിക്കും. ഹരിയാനയിലെ കർഷകരും ഇന്നലെ ട്രാക്‌ടർ മാർച്ച് നടത്തിയിരുന്നു.