ആന്ധ്രാപ്രദേശ്: മുന്‍ മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ തഡെപള്ളിയിലെ വസതിയിൽ സമാധാന മാർഗ്ഗത്തിലൂടെ പ്രതിഷേധം നടത്താനെത്തിയ അമരാവതിയിലെ കർഷകരേയും സ്‌ത്രീകളേയും തടഞ്ഞ് പൊലീസ്. പൂച്ചെണ്ടുകളും പഴങ്ങളും മധുരപലഹാരങ്ങളുമായി എത്തിയവരെയാണ് തടഞ്ഞത്. മുഖ്യമന്ത്രിയായിരിക്കെ ഒരിക്കൽ പോലും കാണാൻ അവസരം നൽകിയില്ലെന്നും എല്ലാ സമയത്തും അദ്ദേഹം ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചിരുന്നപ്പോൾ കർട്ടൻ കെട്ടിയാണ് പോയിരുന്നതെന്നും ഗ്രാമവാസികൾ ചൂണ്ടിക്കാട്ടി.
എന്നാൽ ഇപ്പോൾ ഒരുമിച്ച് അദ്ദേഹത്തെ കാണാൻ അവസരം നൽകണമെന്ന് കർഷകർ പൊലീസിനോട് അഭ്യർത്ഥിച്ചു. എന്നാൽ അദ്ദേഹത്തെ കളിയാക്കാനാണ് അവർ വന്നതെന്ന് മനസ്സിലാക്കിയ പൊലീസ് ഒരു സാഹചര്യത്തിലും ജഗനെ കാണാൻ അവസരമില്ലെന്ന് മറുപടി പറഞ്ഞു.
"29 ഗ്രാമങ്ങളിലെ കർഷകർക്കും സ്‌ത്രീകൾക്കും ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അഞ്ച് വർഷമായി അദ്ദേഹം പറഞ്ഞില്ലേ?. ഞങ്ങൾ എന്താണ് നേടിയതെന്ന് അദ്ദേഹത്തോട് പറയാനാണ് വന്നത്. അദ്ദേഹം ഇനി മുഖ്യമന്ത്രിയല്ല, ഞങ്ങളുടെ എംഎൽഎയാണ്. പിന്നെ എന്തിനാണ് ഞങ്ങളുടെ കൂടിക്കാഴ്‌ചയെ എതിർക്കുന്നത്?''. കർഷകൻ ചോദിച്ചു.
അദ്ദേഹത്തിനായി കൊണ്ടുവന്ന പഴങ്ങളും പലഹാരങ്ങളും അദ്ദേഹത്തെ കാണാൻ പൊലീസ് വിസമ്മതിച്ചതുകൊണ്ട് അവിടെയുണ്ടായിരുന്നവർക്കെല്ലാം കർഷകർ വിതരണം ചെയ്‌തു. രണ്ട് ദിവസത്തിനകം ജഗനെ കാണാൻ അവസരം നൽകാമെന്ന് പൊലീസ് പറഞ്ഞതോടെ അവർ അവിടെ നിന്ന് പോയി.
Also Read: സംസ്ഥാനത്ത് വർഗീയ സംഘർഷം സൃഷ്‌ടിക്കും; 'ഹമാരേ ബാരാ' സിനിമയുടെ റിലീസ് തടഞ്ഞ് കർണാടക സര്‍ക്കാര്‍