ഹൈദരാബാദ് : തെലങ്കാനയിൽ ചൂട് കനക്കുന്നു. സൂര്യാഘാതമേറ്റ് രണ്ടുപേർ മരിച്ചു. കരിംനഗർ സ്വദേശി ചിത്‌ല രാമക്ക (78), സൂര്യപേട്ട് സ്വദേശി സംഗം സുന്ദരയ്യ (70) എന്നിവരാണ് മരിച്ചത്. സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ ഇന്നലെ (ഏപ്രിൽ 16) ഉയർന്ന താപനില രേഖപ്പെടുത്തി. ഭദ്രാചലത്താണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്.
44.7 ഡിഗ്രി സെൽഷ്യസാണ് താപനില. നൽഗൊണ്ട, ജഗ്‌തിയാൽ, രാജന്ന സിറിസില്ല, മഹബൂബാബാദ് എന്നിവിടങ്ങളിൽ 44.5 ഡിഗ്രിക്ക് മുകളിലാണ് താപനില. ഖമ്മത്ത് സാധാരണ താപനിലയേക്കാൾ 5.1 ഡിഗ്രി സെൽഷ്യസ് വർധിച്ചതായും ആലിപ്പഴ വർഷം ഉണ്ടായതായും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ ഇന്നും നാളെയുമായി (ഏപ്രിൽ 17,18) ആലിപ്പഴ വർഷം ഉണ്ടാവാനിടയുള്ളതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Also Read: പൊള്ളുന്ന ചൂട്, വെള്ളവും കുടയും കൂടെ കരുതാം
സംസ്ഥാനത്ത് ഇത്തവണ വേനല്‍ച്ചൂട് കനക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിരവധി ജില്ലകളിൽ ഉഷ്‌ണ തരംഗത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. മെയ് വരെ ഉയര്‍ന്ന താപനിലയായിരിക്കും അനുഭവപ്പെടുകയെന്നും ഇന്ത്യൻ കാലാവസ്ഥ വകുപ്പ് മുമ്പ് അറിയിച്ചിരുന്നു.