പശ്ചിമി സിങ്‌ഭും (ജാര്‍ഖണ്ഡ്) : നക്‌സലുകള്‍ സ്ഥാപിച്ചെന്ന് സംശയിക്കുന്ന ഉഗ്രശേഷിയുള്ള നിരവധി സ്‌ഫോടക വസ്‌തുക്കള്‍ കണ്ടെത്തി. ഇംപ്രൊവൈസ്‌ഡ് എക്‌സ്‌പ്ലോസീവ് ഉപകരണങ്ങള്‍ (Improvised Explosive Devices -IED) ഉള്‍പ്പെടുള്ള സ്‌ഫോടക വസ്‌തുക്കളാണ് പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത സ്‌ഫോടക വസ്‌തുക്കളില്‍ നാല് ഐഇഡികളും രണ്ട് ഗ്രനേഡുകളും രണ്ട് ഡിറ്റണേറ്ററുകളും ഉള്‍പ്പെടുന്നുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം (explosives including IED planned by Naxals were recovered in Jharkhand).
പശ്ചിമി സിങ്‌ഭൂം മേഖലയില്‍ നടത്തിയ തെരച്ചിലിലാണ് സ്‌ഫോടക വസ്‌തുക്കള്‍ കണ്ടെത്തിയത്. 'സുരക്ഷ സേനയെ തകര്‍ക്കാനും സേനയ്‌ക്ക് നാശനഷ്‌ടങ്ങള്‍ വരുത്താനും നക്‌സലുകള്‍ സ്ഥാപിച്ച നാല് ഐഇഡികളും രണ്ട് ഗ്രനേഡുകളും രണ്ട് ഡിറ്റണേറ്ററുകളും ചൈബാല പൊലീസ് കണ്ടെടുത്തു.' -പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
നക്‌സല്‍ സാന്നിധ്യം ഏറെയുള്ള മേഖലകളാണ് പശ്ചിമി സിങ്‌ഭൂം, കാങ്കര്‍, സുക്‌മ തുടങ്ങിയവ. മാര്‍ച്ച് മൂന്നിന് കാങ്കറില്‍ പൊലീസും നക്‌സലൈറ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസ് കോണ്‍സ്റ്റബിളും ഒരു നക്‌സലും കൊല്ലപ്പെട്ടിരുന്നു. സംസ്ഥാന പൊലീസിന്‍റെ യൂണിറ്റായ ബസ്‌തർ ഫൈറ്റേഴ്‌സിലെ കോൺസ്‌റ്റബിൾ രമേഷ് കുറേത്തിയാണ് വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടത്.
ഛോട്ടേബെത്തിയ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഹിദൂർ ഗ്രാമത്തിനടുത്തുള്ള വനത്തിൽ സുരക്ഷ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നക്‌സൽ വിരുദ്ധ ഓപ്പറേഷന്‍ നടത്തുന്ന സാഹചര്യത്തിലാണ് വെടിവയ്‌പ്പുണ്ടായതെന്നാണ് പൊലീസ് ഉദ്യോഗസ്ഥൻ നല്‍കിയ വിവരം. ഹിദൂർ വനത്തിൽ നക്‌സലൈറ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ ആരംഭിച്ചത്. ഒരു നക്‌സലൈറ്റിന്‍റെ മൃതദേഹവും ഒരു എകെ 47 തോക്കും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ടെന്ന് അന്ന് പൊലീസ് അറിയിച്ചിരുന്നു. സുക്‌മയില്‍ നേരത്തെ നിരവധി തവണ നക്‌സല്‍, സുരക്ഷ സേന ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ട്.