ഇൻഡോര്‍: വോട്ടെടുപ്പിന് ശേഷം ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനുകളുമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസ് തീപിടിച്ച് പൂര്‍ണമായി കത്തിനശിച്ചു. മധ്യപ്രദേശ് ബേതുള്‍ മണ്ഡലത്തിലെ ഗോല ഗ്രാമത്തില്‍ ഇന്നലെ (മെയ് 7) രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. നാല് പോളിങ്ങ് കേന്ദ്രങ്ങളിലെ ഇവിഎമ്മുകളായിരുന്നു ബസില്‍.
ബസിലുണ്ടായ തീപിടിത്തത്തില്‍ വോട്ടിങ്ങ് മെഷീനുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍, ആര്‍ക്കും പരിക്കോ ആളപായമോ ഇല്ലെന്ന് ബേതുള്‍ കലക്‌ടര്‍ നരേന്ദ്ര സൂര്യവംശി പറഞ്ഞു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ബസില്‍ തീപിടത്തമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.
ആറ് തെരഞ്ഞെടുപ്പ് സംഘങ്ങളും അത്രതന്നെ വോട്ടിങ്ങ് മെഷീനുകളും ബസിലുണ്ടായിരുന്നു. ഇതില്‍ നാല് മെഷീനുകള്‍ക്ക് കേടുപാടുകളുണ്ടായി. രണ്ടെണ്ണം സുരക്ഷിതമാണ്.
ഇവയുടെ കണ്‍ട്രോള്‍ യൂണിറ്റുകള്‍ക്കോ ബാലറ്റ് യൂണിറ്റുകള്‍ക്കോ ആണ് കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നത്. താന്‍ ഇതേക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് നല്‍കുമെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണോയെന്ന് കമ്മിഷന്‍ തീരുമാനിക്കുമെന്നും കലക്‌ടര്‍ അറിയിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടത്തില്‍ ബേതുള്‍ ലോക്‌സഭ മണ്ഡലത്തില്‍ 72.65 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്.
Also Read: ലോക്‌സഭ തെരഞ്ഞെടുപ്പ്; ഇവിഎം മെഷീന് പെട്രോളൊഴിച്ച് തീകൊളുത്തി വോട്ടര്‍