ന്യൂഡൽഹി : നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ട്രങ്ക് പെട്ടിയില്‍ നിന്ന് നീറ്റ് പരീക്ഷയുടെ പേപ്പർ മോഷ്‌ടിച്ച കേസിലെ പ്രധാന പ്രതിയടക്കം രണ്ട് പേരെ സിബിഐ അറസ്റ്റ് ചെയ്‌തു. ജാർഖണ്ഡിലെ ഹസാരിബാഗിൽ നിന്നാണ് ഇവര്‍ പേപ്പര്‍ മോഷ്‌ടിച്ചത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ജംഷഡ്‌പൂരിലെ 2017 ബാച്ച് സിവിൽ എന്‍ജിനീയറായ പങ്കജ് കുമാര്‍, ബൊക്കാറോ സ്വദേശിയായ കുമാര്‍ എന്നിവരാണ് പട്‌നയിൽവച്ച് അറസ്റ്റിലായത്. ഇതോടെ ക്രമക്കേടുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 14 ആയി.
പേപ്പർ മോഷ്‌ടിക്കാനും മറ്റ് സംഘാംഗങ്ങൾക്ക് കൈമാറാനും കുമാറിനെ സഹായിച്ച രാജു സിങ് എന്നയാളെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. ഹസാരിബാഗിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ അന്വേഷിക്കുന്ന ഏജൻസി ആറ് എഫ്ഐആറുകൾ ഇതുമായി ബന്ധപ്പെട്ട് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.
ബിഹാറിൽ നിന്ന് പേപ്പര്‍ ചോർച്ചയുമായി ബന്ധപ്പെട്ടാണ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ ആൾമാറാട്ടം, വഞ്ചനാക്കുറ്റം തുടങ്ങിയ കേസുകളിലാണ് എഫ്ഐആര്‍.