ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ ദച്ചിഗാം വനമേഖലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായി റിപ്പോര്‍ട്ട്. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള രഹസ്യവിവരം സൈന്യത്തിന് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുന്നതിനിടെയാണ് ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ത്തത് എന്നാണ് റിപ്പോര്‍ട്ട്.
ഇതിനുപിന്നാലെ ഉണ്ടായ ഏറ്റുമുട്ടലിലാണ് ഒരു ഭീകരനെ സൈന്യം വധിച്ചത്. ഇക്കാര്യം സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ശ്രീനഗറിൽ കഴിഞ്ഞ മാസം ലഷ്‌കർ-ഇ-തൊയ്ബയുടെ ഉന്നത ഭീകരനെ വധിച്ചതിന് ശേഷം നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.
അതേസമയം, പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. നഗരത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള ഒരു ദേശീയ ഉദ്യാനമാണ് ദച്ചിഗാം. ഏകദേശം 141 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയാണ് പ്രദേശത്തിനുള്ളത്.