ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം കുറയുന്നത് ഗൗരവമായ വിഷയമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍മാരുടെ പങ്കാളിത്തം എങ്ങനെ വര്‍ധിപ്പിക്കാം എന്നത് സംബന്ധിച്ച് കമ്മീഷന്‍ ജില്ല ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. ദിവസം മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ ഈ വിഷയത്തില്‍ ഉദ്യോഗസ്ഥരുമായി കമ്മീഷന്‍ നടത്തി.
ബിഹാറിലെയും ഉത്തര്‍പ്രദേശിലെയും പ്രധാന നഗരങ്ങളിലെ മുൻസിപ്പല്‍ കമ്മീഷണര്‍മാരും തെരഞ്ഞെടുത്ത ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമാണ് ഡല്‍ഹിയിലെ നിര്‍വാചന്‍ സദനില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന യോഗത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അധ്യക്ഷനായി. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ഗ്യാനേഷ്‌കുമാര്‍, സുഖ്ബിര്‍ സിങ് സന്ധു എന്നിവരും സംബന്ധിച്ചു.
266 പാര്‍ലമെന്‍റ് മണ്ഡലങ്ങളില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം കുറയുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് രാജീവ് കുമാര്‍ ചൂണ്ടിക്കാട്ടി. ഇതില്‍ 215 എണ്ണം ഗ്രാമീണ മേഖലകളിലും 51 എണ്ണം നഗര മേഖലകളിലുമാണ്. ഈ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വോട്ടര്‍മാരെ പോളിങ് ബൂത്തിലെത്തിക്കാന്‍ എന്ത് ചെയ്യാം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായാണ് മുനിസിപ്പല്‍ കമ്മീഷണര്‍മാരെയും ഡിഇഒമാരെയും സിഇഒമാരെയും ഇവിടെ വിളിച്ച് ചേര്‍ത്തതെന്നും രാജീവ് കുമാര്‍ വ്യക്തമാക്കി.
പോളിങ്ങ് കേന്ദ്രങ്ങളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം. വരി സമ്പ്രദായം ഫലപ്രദമായി നടപ്പാക്കണം. സ്ഥലപരിമിതിയുള്ള ഇടങ്ങളില്‍ വോട്ടര്‍മാര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ സജ്ജമാക്കണം. ആശയ വിനിമ സംവിധാനങ്ങളും ഒരുക്കണം. ഇതിന് പുറമെ റസിഡന്‍സ് അസോസിയേഷനുകല്‍, പ്രാദേശിക നേതാക്കള്‍, പ്രദേശത്തെ സ്വാധീനമുള്ള യുവാക്കള്‍ എന്നിവര്‍ വഴി കൂടുതല്‍ ജനങ്ങളെ പോളിങ്ങ് ബൂത്തിലെത്തിക്കാന്‍ ശ്രമിക്കണം.
കൂടുതല്‍ വോട്ടര്‍മാരെ പോളിങ്ങ് ബൂത്തിലെത്തിക്കാന്‍ ബൂത്ത് തല കര്‍മ്മ പദ്ധതി വേണം. എല്ലാ എംസിമാരും ഡിഇഒമാരും ഇതിനായി വ്യത്യസ്‌ത തന്ത്രങ്ങള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കണം. ജനങ്ങള്‍ സ്വയം തന്നെ പോളിങ്ങ് ബൂത്തിലെത്താനുള്ള നടപടികള്‍ ആവിഷ്ക്കരിക്കണം.
ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളുരു, ഹൈദരാബാദ്, അഹമ്മദാബാദ്, പൂനെ, താനെ, നാഗ്‌പൂര്‍, പാറ്റ്ന സാഹിബ്, ലഖ്‌നൗ, ,കാണ്‍പൂര്‍ തുടങ്ങിയിടങ്ങളിലെ മുനിസിപ്പല്‍ കമ്മീഷണര്‍മാരും, ബിഹാറിലെയും ഉത്തര്‍പ്രദേശിലെയും തെരഞ്ഞെടുത്ത ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുത്തു. ഇതിന് പുറമെ ബിഹാര്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്‌ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ നേരിട്ടും, കര്‍ണാടക, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഓണ്‍ലൈനായും യോഗത്തില്‍ പങ്കെടുത്തു.
2970 ലക്ഷം യോഗ്യരായ വോട്ടര്‍മാര്‍ 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്‌തില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ നാഗരിക ജനവിഭാഗങ്ങള്‍ ഇതില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കാഴ്‌ചയുമുണ്ടായി. ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ വേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് ഇതൊക്കെ വിരല്‍ ചൂണ്ടുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കണമെന്ന് ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപന വേളയില്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ചൂണ്ടിക്കാട്ടിയിരുന്നു.