മീററ്റ്: ഇത്തവണത്തെ തെരഞ്ഞെടുപ്പ് സര്‍ക്കാരുണ്ടാക്കാന്‍ മാത്രമല്ല മറിച്ച് വികസിത ഭാരതത്തിനും കൂടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ്ഘടനയായി മാറും. ദാരിദ്ര്യം തുടച്ച് നീക്കപ്പെടും. ഇടത്തരക്കാര്‍ രാജ്യത്തിന് കരുത്ത് പകരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഉത്തര്‍പ്രദേശിലെ ആദ്യ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മീററ്റ് വിപ്ലവത്തിന്‍റെയും വിപ്ലവകാരികളുടെയും മണ്ണാണ്. ചൗധരി ചരണ്‍സിങിനെ പോലുള്ളവരെ രാജ്യത്തിന് സംഭാവന ചെയ്‌ത മണ്ണ്. നമ്മുടെ സര്‍ക്കാര്‍ മൂന്നാം വട്ടവും അധികാരത്തിലെത്താനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന രേഖ തയാറാക്കുകയാണ് തങ്ങള്‍. ആദ്യ നൂറ് ദിവസങ്ങളില്‍ എന്തൊക്കെ സുപ്രധാന തീരുമാനങ്ങള്‍ എടുക്കാമെന്നതിനെക്കുറിച്ചാണ് ആലോചന.
കഴിഞ്ഞ പത്ത് വര്‍ഷമായി നിങ്ങള്‍ പുരോഗതിയുടെ ട്രെയിലര്‍ മാത്രമാണ് കണ്ടത്. ഇനിയും രാജ്യത്തെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. താന്‍ ദാരിദ്രത്തില്‍ കഴിഞ്ഞ ആളാണ്. അത് കൊണ്ട് തന്നെ ഓരോ പാവപ്പെട്ടവന്‍റെയും ദുഃഖം മോദിക്ക് മനസിലാക്കാനാകും. ഓരോ പാവപ്പെട്ടവന്‍റെയും വേദനയും തനിക്കറിയാം. ഓരോ പാവപ്പെട്ടവന്‍റെയും യാതനയും മനസിലാകും.
അതു കൊണ്ടാണ് പാവപ്പെട്ടവരുടെ ഓരോ ആശങ്കകളെയും മുന്നില്‍ കണ്ടുള്ള പദ്ധതികള്‍ താന്‍ തയാറാക്കിയത്. താന്‍ പാവങ്ങളെ ശാക്തീകരിക്കുക മാത്രമല്ല അവരുടെ ആത്മാഭിമാനം തിരികെ നല്‍കുകയും ചെയ്‌തിരിക്കുന്നു. അടുത്തിടെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തിന്‍റെ ഭാഗമായ രാഷ്‌ട്രീയ ലോക്‌ദള്‍ അധ്യക്ഷന്‍ ജയന്ത് ചൗധരിയും പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്, ഹരിയാന മുഖ്യമന്ത്രി നായിബ് സിങ് സൈനി, രാമായണം ടെലിവിഷന്‍ പരമ്പരയിലെ താരവും മീററ്റ് മണ്ഡലത്തിലെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയുമായ അരുണ്‍ ഗോവില്‍ തുടങ്ങിയവരും റാലിയില്‍ സംബന്ധിച്ചു.