ഫരീദാബാദ്: ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനെ എതിർത്തതിന്‍റെ പേരിൽ വൃദ്ധനെ മൂന്ന് പേര്‍ ചേര്‍ന്ന് മർദിച്ച് കൊലപ്പെടുത്തി. ഹരിയാനയിലെ ഫരീദാബാദിലാണ് ഞെട്ടിക്കുന്ന സംഭവം. തന്‍റെ വീടിന് മുന്നില്‍ പടക്കം പൊട്ടിക്കരുതെന്ന് യുവാക്കളോട് വൃദ്ധൻ ആവശ്യപ്പെട്ടതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടയാളുടെ മകന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ഫരീദാബാദിലെ സെക്‌ടര്‍ 18ലെ ഹൗസിങ് ബോർഡ് കോളനിയില്‍ വച്ചാണ് വൃദ്ധനെ 3 പേര്‍ ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയത്. തങ്ങളുടെ വീടിന് മുന്നിൽ രാജു, ധീരജ്, നന്ദു എന്നീ മൂന്ന് പേർ ചേര്‍ന്ന് പടക്കം പൊട്ടിക്കുകയായിരുന്നുവെന്ന് വൃദ്ധന്‍റെ മകൻ വിനോദ് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. പിതാവ് ഇതിനെ എതിർത്തതോടെ വാക്കു തർക്കമുണ്ടായതായി പരാതിക്കാരൻ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാല്‍ വിനോദ് തൽക്കാലം സ്ഥിതിഗതികൾ ശാന്തമാക്കിയെങ്കിലും ദീപാവലി ദിവസം അര്‍ധരാത്രി മൂന്നുപേരും മടങ്ങിയെത്തി വീണ്ടും വീടിനു മുന്നിൽ പടക്കം പൊട്ടിച്ചെന്നും പരാതിയിൽ പറയുന്നു. ഇതോടെ വിനോദിന്‍റെ പിതാവ് വീടിന് പുറത്തേക്ക് വന്ന് എതിർത്തതോടെ മൂന്ന് പ്രതികളും ചേർന്ന് മർദിക്കുകയായിരുന്നു.
വിനോദും ഭാര്യയും ഇടപെടാൻ ശ്രമിച്ചപ്പോഴും ഇവരെയും മൂന്നുപേരും ചേർന്ന് മർദിച്ചു. വൃദ്ധൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. അതേസമയം, സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും പ്രതികളെ പിടികൂടാനുള്ള തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.