റാഞ്ചി(ജാർഖണ്ഡ്): മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെയുള്ള കേസില്‍ കോൺഗ്രസ് രാജ്യസഭാ എംപി ധീരജ് പ്രസാദ് സാഹുവിന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് സമന്‍സ്. ഡൽഹിയിലെ ജെഎംഎം നേതാവിൻ്റെ വീട്ടിൽ നിന്ന് ഏജൻസി പിടിച്ചെടുത്ത ബിഎംഡബ്ല്യു എസ്‌യുവിയുമായി ബന്ധപ്പെട്ട് ഫെബ്രുവരി 10 ന് റാഞ്ചിയിലെ ഇഡി ഓഫിസിൽ ഹാജരാകാനാണ് എംപിക്ക് സമൻസ് അയച്ചിരിക്കുന്നത്.
ഒഡീഷ ആസ്ഥാനമായുള്ള ബൗദ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡിനെതിരെ നടത്തിയ റെയ്‌ഡിൽ 351.8 കോടി രൂപ ആദായനികുതി വകുപ്പ് ഡിസംബറിൽ കണ്ടെടുത്തതിനെ തുടർന്ന് സാഹു വാർത്തകളിൽ നിറഞ്ഞിരുന്നു. സോറൻ, ബിഎംഡബ്ല്യു എസ്‌യുവി എന്നിവയുമായുള്ള സാഹുവിന്‍റെ ബന്ധം ചോദ്യം ചെയ്യാനും മൊഴി രേഖപ്പെടുത്താനുമാണ് ഇഡിയുടെ നടപടി.
ഡൽഹിയിലെ വസതിയിൽ നിന്ന് വാഹനത്തിന്‍റെ താക്കോൽ ഏജൻസി ഉദ്യോഗസ്ഥർ കണ്ടെത്തി കസ്റ്റഡിയിലെടുത്തു. ആരുടെ വിലാസത്തിലാണ് ഹരിയാന നമ്പർ പ്ലേറ്റ് ഘടിപ്പിച്ച എസ്‌യുവി രജിസ്റ്റർ ചെയ്‌തതെന്നറിയാന്‍ ബുധനാഴ്‌ച ഹരിയാന ഗുരുഗ്രാമിലെ കദർപൂർ ഗ്രാമ പരിസരത്തും ഏജൻസി റെയ്‌ഡ് നടത്തിയിരുന്നതായി വൃത്തങ്ങള്‍ അറിയിച്ചു.
ഇതേ കേസിൽ കൊൽക്കത്തയിലെ രണ്ട് സ്ഥലങ്ങളിലും ബുധനാഴ്‌ച റെയ്‌ഡ് നടത്തിയിരുന്നു. വാഹനത്തിന് സാഹുവുമായി ബിനാമി ബന്ധമുള്ളതായി ഇഡി സംശയിക്കുന്നു. കേസുമായി ബന്ധപ്പെട്ട മറ്റ് ചില വ്യക്തികളെ ഏജൻസി വിളിപ്പിച്ചിട്ടുണ്ട്.
അനധികൃത ഭൂമി സമ്പാദനത്തിനും കൈവശം വയ്ക്കുന്നതിനുമുള്ള കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് സോറനെ ജനുവരി 31 ന് ഇഡി അറസ്റ്റ് ചെയ്‌തു. ഔദ്യോഗികമായി അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ഇപ്പോൾ ഇഡി കസ്റ്റഡിയിലാണ്.