കൊൽക്കത്ത: പശുക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്‍റെ അന്വേഷണത്തിൽ നടനും രാഷ്‌ട്രീയ നേതാവുമായ ദീപക് അധികാരിക്ക് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് (ED) സമൻസ് അയച്ചു. ഫെബ്രുവരി 21ന് ഡൽഹിയിലെ ഇഡി ഓഫിസിൽ ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് ദേവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഘട്ടൽ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ പേഷ്യൻ്റ് വെൽഫെയർ കമ്മിറ്റി, ബിർസിംഗ ഉണ്ണയൻ പരിഷത്ത്, ഘട്ടൽ രബീന്ദ്ര സെൻ്റിനറി കോളജ് ഭരണസമിതി എന്നിവയിൽ നിന്നുമാണ് കഴിഞ്ഞ ദിവസം തൃണമൂൽ എംപിയായ ദേവ് രാജിവച്ചത്. ഇതിനു തൊട്ടുപിന്നാലെയാണ് ദേവിനെതിരെ ഇഡിയുടെ സമൻസ് .
സംസ്ഥാന സംഘടനകളുടെ കമ്മിറ്റികളിൽ നിന്നും രാജിവച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയായ മമത ബാനർജി അദ്ദേഹത്തോട് സംസാരിച്ചിരുന്നു. അതേസമയം നടൻ പാർട്ടിയിൽ തുടരുമെന്നും നേതൃത്വം നിർദേശിക്കുന്നതെന്തും ചെയ്യുമെന്നും മുതിർന്ന നേതാക്കൾ പറഞ്ഞു. ദേവിനെതിരെ നടക്കുന്ന ഇഡി അന്വേഷണം ഇതുവരെ പൂർത്തിയായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
ബുധനാഴ്‌ച ദേവിന് സമൻസ് അയച്ചതായി ഇഡി വൃത്തങ്ങൾ അറിയിച്ചു. 2022 ഓഗസ്‌റ്റിൽ പശുക്കടത്ത് കേസിൽ തൃണമൂൽ നേതാവ് അനുബ്രത മൊണ്ടലിനെ സിബിഐ അറസ്‌റ്റ് ചെയ്‌തിരുന്നു. കേസുമായി ബന്ധപ്പെട്ട് ദേവിനെ കൊൽക്കത്തയിലെ നിസാം പാലസിലുള്ള ഓഫിസിലേക്ക് സിബിഐ ചോദ്യം ചെയ്യാൻ വിളിച്ചിരുന്നു.
താൻ ഒരു തരത്തിലുള്ള അഴിമതിയിലും ഉൾപ്പെട്ടിട്ടില്ലെന്ന് ദേവ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പശുക്കടത്ത് കേസുമായി ബന്ധപ്പെട്ട് നടക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൽ സാക്ഷിയായി ദേവിനെ വിളിച്ചുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിൻ്റെ മൊഴി രേഖപ്പെടുത്തിയേക്കുമെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചു.