ഹൈദരാബാദ് : മദ്യനയ അഴിമതി കേസില്‍ തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ മകളും ബിആര്‍എസ് നേതാവുമായ കെ കവിത അറസ്റ്റില്‍. ഇന്ന് (മാര്‍ച്ച് 15) ഉച്ചയോടെ ഇഡി കവിതയെ കസ്റ്റഡിയിലെടുക്കുകയും വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വസതിയില്‍വച്ചാണ് കവിതയെ അറസ്റ്റ് ചെയ്‌തത്.
കവിതയുടെ വീട്ടില്‍ ഇഡിയും ഐടി വകുപ്പും റെയ്‌ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കവിതയെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. ഡല്‍ഹി സര്‍ക്കാരിന്‍റെ കീഴിലായിരുന്ന മദ്യവില്‍പനയുടെ ലൈസന്‍സ് 2021ല്‍ സ്വകാര്യ മേഖലയ്‌ക്ക് കൈമാറിയതിന്‍റെ മറവില്‍ കോടി കണക്കിന് രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കം ഇഡി കണ്ടെത്തിയിട്ടുണ്ട്. കവിതയുടെ കൂട്ടാളിയായ മദ്യവ്യവസായി അരുണ്‍ രാമചന്ദ്രന്‍ പിള്ള നേരത്തെ അറസ്റ്റിലായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കവിതയും പിടിയിലാവുന്നത്.
ജൂബിലി ഹില്‍സില്‍ നാടകീയ രംഗങ്ങള്‍: കവിത അറസ്റ്റിലായതിന് പിന്നാലെ സഹോദരനും ബിആര്‍എസ് വര്‍ക്കിങ് പ്രസിഡന്‍റുമായ കെടി രാമറാവു ജൂബിലി ഹില്‍സിലെ വസതിയില്‍ എത്തി. ഇതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി. അറസ്റ്റിന് പിന്നാലെ കവിതയെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകുന്നത് കെടിആര്‍ ചോദ്യം ചെയ്‌തു.
ട്രാന്‍സിറ്റ് വാറന്‍റ് കാണണമെന്ന് ആവശ്യപ്പെട്ട് കെടിആര്‍ ഇഡി ഉദ്യോഗസ്ഥരുമായി തര്‍ക്കിച്ചെങ്കിലും ഫലമുണ്ടായില്ല. ഇന്ന് (മാര്‍ച്ച് 15) രാത്രിയോടെ കവിതയെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.
റെയ്‌ഡും പിന്നാലെയുള്ള അറസ്റ്റും : കേസില്‍ ഇഡിയും ഐടി വകുപ്പും നേരത്തെ കവിതയ്‌ക്ക് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ഇതില്‍ കവിത പ്രതികരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് വസതിയിലെ റെയ്‌ഡും തുടര്‍ന്നുള്ള അറസ്റ്റും.
ഇന്ന് (മാര്‍ച്ച് 15) ഉച്ചയോടെയാണ് ഇഡി ജോയിന്‍റ് ഡയറക്‌ടറുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം ബെഞ്ചാര ഹില്‍സിലെ കവിതയുടെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയത്. റെയ്‌ഡ് നടക്കുന്ന സാഹചര്യത്തില്‍ വീട്ടിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. വീടിന് പരിസരത്തും കനത്ത പൊലീസ് സുരക്ഷ ഒരുക്കിയതിന് ശേഷമാണ് പരിശോധന ആരംഭിച്ചത്.
കേസില്‍ നേരത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചുള്ള നോട്ടിസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കവിത സിബിഐയെ സമീപിച്ചിരുന്നു. സിആര്‍പിസി സെക്ഷന്‍ 41 പ്രകാരം സിബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് കവിത ആവശ്യവുമായെത്തിയത്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടിസ് റദ്ദാക്കണമെന്നായിരുന്നു കവിതയുടെ ആവശ്യം.
ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കവിതയ്‌ക്കെതിരെയുള്ള കേസ് തെലങ്കാനയില്‍ ബിആര്‍എസിനെ പ്രതികൂലമായി ബാധിച്ചേക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെസിആറിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന്‍റെ രേവന്ത് റെഡ്ഡി അധികാരത്തിലേറിയത് തന്നെ ബിആര്‍എസിന് വന്‍ തിരിച്ചടിയായിരുന്നു. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് തെലങ്കാനയില്‍ ഏറെ നിര്‍ണായകമാകും.