ETV Bharat / bharat

പരിസ്ഥിതി ആശങ്കകള്‍ക്ക് മേല്‍ അത്യാഗ്രഹത്തിന്‍റെ കടന്നുകയറ്റം - Environmental Concerns - ENVIRONMENTAL CONCERNS

വികസനത്തിന്‍റെ പേരില്‍ പരിസ്ഥിതി ലോല മേഖലയായ ഹിമാലയന്‍ മേഖലയില്‍ നടത്തുന്ന കടന്നു കയറ്റങ്ങളെയും അത് രാജ്യത്തുണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതങ്ങളെയും കുറിച്ച് മിസോറം കേന്ദ്ര സര്‍വകലാശാലയിലെ കൊമേഴ്‌സ് വിഭാഗം പൊഫസര്‍ ഡോ.എന്‍ വി ആര്‍ ജ്യോതികുമാര്‍ എഴുതുന്നു.

ENVIRONMENTAL CONCERNS  ECONOMIC GREED  DR NVR JYOTHIKUMAR  MIZORAM CENTRAL UNIVERSITY
Economic Greed over the Environmental Concerns; Dr NVR Jyothikumar Writes
author img

By ETV Bharat Kerala Team

Published : Mar 27, 2024, 11:05 PM IST

പ്രകൃതി ദുരന്തങ്ങളുടെ അടിവേരുകള്‍ തേടി അന്‍പത് കൊല്ലം മുമ്പ് രൂപീകരിച്ച സാമൂഹ്യ -പാരിസ്ഥിതിക പ്രസ്ഥാനമാണ് അഹിംസയില്‍ അടിയുറച്ച ചിപ്‌കോ പ്രസ്ഥാനം. ഗ്രാമീണ മേഖലകളിലെ ജനങ്ങള്‍, പ്രത്യേകിച്ച് സ്‌ത്രീകളായിരുന്നു 1973ല്‍ രൂപീകരിക്കപ്പെട്ട മരങ്ങളെ പുല്‍കുക എന്ന പ്രസ്ഥാനത്തിന്‍റെ അണിയറക്കാര്‍. അന്നത്തെ ഉത്തര്‍പ്രദേശിന്‍റെ ഭാഗമായിരുന്ന ഉത്തരാഖണ്ഡിലാണ് ഈ പ്രസ്ഥാനം ഉദയം ചെയ്‌തത്.

വാണിജ്യത്തിനും വ്യവസായത്തിനുമായി വന്‍തോതില്‍ വനനശീകരണം നടത്തുന്നതിനെതിരെ രൂപം കൊണ്ട സംഘടനയാണിത്. സര്‍ക്കാരിന്‍റെ പിന്തുണയോടെയുള്ള ഈ പ്രകൃതിവിഭവ ചൂഷണങ്ങള്‍ ഹിമാലയന്‍ മേഖലയിലെ തദ്ദേശ ജനതയുടെ ജീവിതത്തിന് ഭീഷണിയായി. ഈ നശീകരണം അവസാനിപ്പിക്കാന്‍ അവര്‍ ഗാന്ധിയന്‍ സമരമുറയായ സത്യാഗ്രഹത്തിലേക്ക് നീങ്ങി. പെട്ടെന്ന് തന്നെ ഇത് രാജ്യമെങ്ങും പടര്‍ന്നു പിടിച്ചു. അങ്ങനെയാണ് ചിപ്‌കോ പ്രസ്ഥാനം ഉടലെടുത്തത്.

1980ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇടപെട്ട് ഹിമാലയന്‍ മേഖലയായ ഉത്തരാഖണ്ഡില്‍ പതിനഞ്ച് കൊല്ലത്തേക്ക് വാണിജ്യാവശ്യങ്ങള്‍ക്ക് മരം മുറിക്കുന്നത് നിരോധിച്ചതോടെ പ്രസ്ഥാനം വന്‍ വിജയം കൈവരിച്ചു. എന്നാല്‍ 2023 ല്‍ എത്തുമ്പോള്‍ ഇവിടെ എന്താണ് സംഭവിക്കുന്നത്. നവംബര്‍12 ദീപാവലി ദിനത്തില്‍ ഉത്തരാഖണ്ഡില്‍ ഒരു തുരങ്കം തകര്‍ന്നു വീണു. ഉത്തരകാശി ജില്ലയിലെ നാലര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നിര്‍മ്മാണത്തിലിരുന്ന തുരങ്കമാണ് തകര്‍ന്നത്. ഇതിനടിയില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ചേര്‍ന്ന് രണ്ട് ആഴ്‌ചയോളം പരിശ്രമിച്ചു.

ഇത്തരം സംഭവങ്ങള്‍ അടുത്തകാലത്തായി രാജ്യത്ത് ആവര്‍ത്തിക്കുന്നതിന്‍റെ കാരണമെന്തെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. നാം അത്രത്തോളം നമ്മുടെ പ്രകൃതി മാതാവിനെ നശിപ്പിക്കുന്നുണ്ടോ? അതിനുള്ള പകപോക്കലാണോ ഇത്തരം പ്രകൃതി ദുരന്തങ്ങള്‍? പരിസ്ഥിതി സന്തുലനം കാത്ത് സൂക്ഷിക്കാനായി അനുയോജ്യ നിയമങ്ങള്‍ ഉണ്ടാക്കാനും അത് ഫലപ്രദമായി നടപ്പാക്കാനും നമ്മുടെ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്ക് ആര്‍ജ്ജവം ഇല്ലേ? ഉത്തരാഖണ്ഡിലെ തുരങ്കത്തകര്‍ച്ച അടുത്തിടെ നമ്മുടെ രാജ്യത്ത്, പ്രത്യേകിച്ച് പരിസ്ഥിതി ലോല മേഖലയായ ഹിമാലന്‍ ഭുവിഭാഗങ്ങളിലടക്കം ഉണ്ടാക്കിയ പല പ്രകൃതി ദുരന്തങ്ങളെയും കുറിച്ച് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

അവയില്‍ ചിലത്: ഒഡിഷയില്‍ 1999 ല്‍ 15000 പേരുടെ ജീവനെടുത്ത കൊടുങ്കാറ്റ്, ഗുജറാത്തില്‍ 2001 ല്‍ 20,000 പേരുടെ ജീവനെടുത്ത ഭൂകമ്പം, 2004 ല്‍ 2.30 ലക്ഷം ജീവനുകള്‍ അപഹരിച്ച സുനാമി, 1287പേരുടെ മരണത്തിന് കാരണമായ 2007 ലെ ബിഹാര്‍ വെള്ളപ്പൊക്കം, 5700 ജീവനെടുത്ത 2013 ലെ ഉത്തരാഖണ്ഡ് മിന്നല്‍ പ്രളയം, 2014ല്‍ 550 ജീവനുകള്‍ അപഹരിച്ച കശ്‌മീര്‍ പ്രളയം, 2015ല്‍ ചെന്നൈയെയും 2018ല്‍ കേരളത്തെയും മുക്കിക്കളഞ്ഞ പ്രളയങ്ങള്‍, 2023 ല്‍ ഹിമാചലിലുണ്ടായ വെള്ളപ്പൊക്കം, എല്ലാ കൊല്ലവും അസമിനെ ദുരിതത്തിലാക്കുന്ന വെള്ളപ്പൊക്കം തുടങ്ങിയവ സ്വകാര്യ-പൊതു മുതലുകള്‍ നശിപ്പിക്കുകയും നിരവധി മനുഷ്യ, കന്നുകാലി ജീവനുകള്‍ അപഹരിക്കുകയും ചെയ്‌തു.

2022ല്‍ മാത്രം രാജ്യത്തുണ്ടായ പ്രകൃതി ദുരന്തങ്ങളില്‍ 25 ലക്ഷം പേര്‍ക്ക് സ്വന്തം നാടും വീടും നഷ്‌ടമായി. മറ്റിടങ്ങളിലേക്ക് അവര്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതമായി എന്നാണ് ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍റേണ്‍ ഡിസ്പ്ലേസ്‌മെന്‍റ് മോണിറ്ററിങ്ങ് സെന്‍ററിന്‍റെ കണ്ടെത്തല്‍. 2022ല്‍ ദക്ഷിണേഷ്യയില്‍ 1.25 കോടി ആളുകള്‍ക്കാണ് പലയാനം ചെയ്യേണ്ടി വന്നത്.

ഛാര്‍ധാം പദ്ധതി: സുസ്ഥിര വികസന മാതൃകയല്ലാത്ത പദ്ധതിക്ക് വലിയൊരുദാഹരണമാണിത്. ദേശീയ പാത അതോറിറ്റി നിര്‍മ്മിക്കുന്ന, നാല് തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കൊണ്ടുള്ള കൂറ്റന്‍ ദേശീയ പാതയാണിത്. ഗംഗോത്രി, യമുനോത്രി, ബദരീനാഥ്, കേദാര്‍നാഥ് തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളെയാണ് ചാര്‍ധാം ബന്ധിപ്പിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥ വ്യതിയാന പ്രത്യാഘാതങ്ങള്‍ക്കും വേണ്ടിയുള്ള ഇന്ത്യയുടെ സമീപനം ചോദ്യം ചെയ്യുന്ന പദ്ധതിയാണിത്. മനോഹരമായ ഹിമാലയന്‍ മേഖലയില്‍ ഇതൊരു ആഗോള ഭീഷണിയാണ് സൃഷ്‌ടിക്കുന്നത്. ഏറ്റവും പ്രായം കുറഞ്ഞ മലനിരകളാണ് ഹിമാലയത്തിലുള്ളത്. അവ ഇപ്പോഴും രൂപീകരണത്തിന്‍റെ ഘട്ടത്തിലാണ്.

ചാര്‍ധാം പദ്ധതി അപകടകരമാണെന്നും ധാരാളം മരണത്തിന് ഇത് ഇടയാക്കുമെന്ന് ഭൗമശാസ്‌ത്രജ്ഞരും സാങ്കേതിക വിദഗ്ദ്ധരും വിശദീകരിക്കുന്നു. ഇതൊരു ഭൂകമ്പ സാധ്യത മേഖലയാണ്. ദുര്‍ബലമായ പാറകളാണ് ഇവിടെയുള്ളത്. എവറസ്‌റ്റ് കൊടുമുടി പോലെ ലോകത്തെ കൂറ്റന്‍ കൊടുമുടികളുള്ള ഹിമാലയം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇതൊരു ആഗോള ആവശ്യം കൂടിയാണ്. കാരണം അഞ്ച് രാജ്യങ്ങളിലായി ഹിമാലയം വ്യാപിച്ച് കിടക്കുന്നു. ഇന്ത്യയ്ക്ക് പുറമെ നേപ്പാള്‍, ചൈന, പാകിസ്ഥാന്‍, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളിലും ഹിമാലയമുണ്ട്. അത് കൊണ്ടാണ് തുടക്കം മുതല്‍ വിദഗ്ദ്ധര്‍ രണ്ട് പ്രധാന മൗലിക ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്.

എപ്പോഴാണ് ഇന്ത്യന്‍ ഹിമാലയന്‍ മേഖല കാലാവസ്ഥ വ്യതിയാനത്തിന്‍റെയും കാലാവസ്ഥ മാറ്റത്തിന്‍റെയും നഗരവത്ക്കരണത്തിന്‍റെയും ഒക്കെ ഫലമായി പൂര്‍ണമായും ഇല്ലാതാകുക? പരിമിതമായ ഉള്‍ക്കൊള്ളല്‍ ശേഷി മാത്രമുള്ള മേഖലയ്ക്ക് എങ്ങനെയാണ് ചാര്‍ധാം പോലുള്ള ഒരു കൂറ്റന്‍ അടിസ്ഥാന സൗകര്യവികസനം ഉണ്ടാക്കുന്ന ബാധ്യത പേറാനാകുക? ഇത്രയധികം വിനോദസഞ്ചാരം?, ഇത്രയധികം പാതകള്‍? ഇത്രമാത്രം മലനിരകള്‍ ഇടിച്ച് നിരത്തല്‍? അവശിഷ്‌ടങ്ങള്‍ നദികളിലേക്ക് നിക്ഷേപിക്കല്‍? ഇവയെല്ലാം ഭൂഷണമാണോ?

ഇത്രയും വലിയൊരു പദ്ധതി സൃഷ്‌ടിക്കുന്ന പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് ഗൗരവമായി പഠിച്ചോ? സ്വാഭാവികമായ ഈ സ്‌മാരകശിലകളെ നിര്‍ദ്ദയം ഇല്ലാതാക്കിക്കൊണ്ട് ഇത്തരം ഒരു പദ്ധതി ആവശ്യമായിരുന്നോ? ഉദ്യോഗസ്ഥ ദുഷ്‌പ്രഭുക്കള്‍ ഇതെല്ലാം അറിയില്ലെന്ന് ഉറക്കം നടിക്കുകയായിരുന്നോ?

ചാര്‍ധാം പദ്ധതിയുടെ അടിസ്ഥാന ആശയങ്ങളെ തന്നെ പരിസ്ഥിതിശാസ്‌ത്രജ്ഞരും വിദഗ്‌ധരും ശക്തിയുക്തം എതിര്‍ത്തിരുന്നു. 900 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതിക്കായി തയാറാക്കിയത് 53 ഭാഗങ്ങളുള്ള കേവലമൊരു പരിസ്ഥിതി ആഘാത പഠനമാണ്. അത് കൊണ്ട് തന്നെ ചെറിയൊരു മേഖലയെക്കുറിച്ച് മാത്രമാണ് തയാറാക്കിയിട്ടുള്ളത്.

ഈ പ്രക്രിയയില്‍ 900 കിലോമീറ്ററിലായി വ്യാപിച്ചിരിക്കുന്ന വലിയൊരു ജൈവവൈവിധ്യത്തില്‍ നാം മനഃപൂര്‍വവും വിവേകമില്ലാത്തതുമായ ചില വിട്ടുവീഴ്‌ചകള്‍ വരുത്തിയിരിക്കുന്നു.

വിവേകമില്ലാത്ത വിനോദസഞ്ചാരം പത്ത് സംസ്ഥാനങ്ങളില്‍ കടുത്ത മലിനീകരണ പ്രശ്‌നങ്ങളാണ് ഉയര്‍ത്തുന്നത്. ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലുമാണ് ഇതേറെ രൂക്ഷം. വിനോദസഞ്ചാരം ഹിമാലയന്‍ സംസ്ഥാനങ്ങളില്‍ ഒരു പരിധിവരെ സാമ്പത്തിക നേട്ടമുണ്ടാക്കിയേക്കാം എന്നാല്‍ ഇതുണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതം കൊടുംഭീകരമാണ്. വിനോദസഞ്ചാരത്തിലൂടെ പ്രതിവര്‍ഷം 80 ലക്ഷം ടണ്‍ മാലിന്യങ്ങളാണ് സൃഷ്‌ടിക്കപ്പെടുന്നത്. ഇതിന് പുറമെ നാഗരിക ജനത സൃഷ്‌ടിക്കുന്ന മാലിന്യം പത്ത് ലക്ഷം ടണ്ണുമുണ്ട്.

2025ഓടെ ഹിമാലയന്‍ സംസ്ഥാനങ്ങളിലെത്തുന്ന സഞ്ചാരികളുടെ എണ്ണം പ്രതിവര്‍ഷം 24 കോടിയിലെത്തുമെന്നാണ് കണക്കാക്കുന്നത്. 2018ല്‍ ഇത് പത്ത് കോടിയായിരുന്നു. കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്‍റെ (സിഎസ്ഐആര്‍) പഠനപ്രകാരം 55 ശതമാനവും ജൈവ മാലിന്യങ്ങളാണ്. ഇത് വീടുകളിലും ഭക്ഷണശാലകളിലും നിന്നുമെത്തുന്നതാണെന്നും കണ്ടെത്തിയിട്ടുണ്ട്. 21 ശതമാനം മാലിന്യങ്ങള്‍ നിര്‍മ്മാണ സാമഗ്രികളുടേതാണ്. എട്ട് ശതമാനം പ്ലാസ്റ്റിക്കുകളും.

ഖരമാലിന്യങ്ങള്‍ ശാസ്‌ത്രീയമായി സംസ്‌കരിച്ചില്ലെങ്കില്‍ ഹിമാലയന്‍ മേഖലയിലെ ദുര്‍ബല പരിസ്ഥിതി വലിയ വില കൊടുക്കേണ്ടി വരും. അത് നമ്മുടെ രാജ്യത്തിന് താങ്ങാനാകില്ല. നമ്മുടെ രാജ്യത്തെ ഹിമാവാഹിനികളായ നദികളെല്ലാം ഹിമാലയത്തില്‍ നിന്നുത്ഭവിക്കുന്നതാണ്. ഇവയും കടുത്ത പ്രത്യാഘാതങ്ങളാകും ഉണ്ടാക്കുക.

ജൈവമാലിന്യങ്ങള്‍ ഹിമാലയന്‍ മേഖലയിലെ തുറസായ ഇടങ്ങളില്‍ നിക്ഷേപിക്കുന്നത് കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് സൃഷ്‌ടിക്കുന്നത്. തണുപ്പ് മൂലം ഇവയുടെ ജീര്‍ണിക്കല്‍ തടസപ്പെടുന്നു. ഇവ അപകടകരമായ വാതകങ്ങളായ മീതൈനും കാര്‍ബണ്‍ മോണോക്സൈഡും പുറത്തുവിടുന്നു. ഇവ പുറപ്പെടുവിക്കുന്ന വിഷകരമായ രാസവസ്‌തുക്കള്‍ മണ്ണിലും വെള്ളത്തിലും കലരുന്നു. തുറസ്സായ ഇടങ്ങളിലിട്ട് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ കത്തിക്കുന്നത് അടക്കമുള്ളവ മൂലം കടുത്ത അന്തരീക്ഷ മലിനീകരണവും ഉണ്ടാക്കുന്നു. അന്തരീക്ഷ മലിനീകരണം മൂലം വന്‍തോതില്‍ മഞ്ഞുരുകുന്നു.

2016 ല്‍ കേന്ദ്രസര്‍ക്കാര്‍ ഖരമാലിന്യ സംസ്‌കരണത്തിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ മറ്റിടങ്ങളിലെന്ന പോലെ ഇവിടെയും ഇത് നടപ്പായിട്ടില്ല. ഹിമാലയന്‍ മേഖലകളിലെ പരിസ്ഥി നാശം തടയാന്‍ സമയബന്ധിതമായി കര്‍മ്മ പദ്ധതി തയാറാക്കി നടപ്പാക്കണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തോട് 2023 മാര്‍ച്ചില്‍ ജയറാം രമേഷ് അധ്യക്ഷനായ പാര്‍ലമെന്‍റിന്‍റെ ശാസ്‌ത്ര-സാങ്കേതികത, വനം, പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന സമിതി ശുപാര്‍ശ ചെയ്‌തിരുന്നു. മേഖലയിലെ പാരിസ്ഥിതിക നാശം കണക്കാക്കാന്‍ സമഗ്ര കര്‍മ്മ പദ്ധതി വേണമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. പ്രകൃതി ദുരന്ത വേളകളിലേക്ക് ഒരു പ്രവര്‍ത്തന രേഖ തയാറാക്കണമെന്നും മന്ത്രാലയത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഈ മേഖലകളില്‍ സഞ്ചാരികള്‍ നടത്തുന്ന അമിത പ്രകൃതി ചൂഷണത്തെക്കുറിച്ചുള്ള ആശങ്കകളും സമിതി പങ്കുവച്ചിട്ടുണ്ട്. ഇതിന് പുറമെ അനധികൃത ഹോം സ്റ്റേകളുടെ നിര്‍മ്മാണം, അതിഥി മന്ദിരങ്ങള്‍, റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ഭക്ഷണശാലകള്‍, മറ്റ് കയ്യേറ്റങ്ങള്‍ എന്നിവയെക്കുറിച്ചും സമിതിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ട്.

നിര്‍മ്മാണങ്ങള്‍ക്കും അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കും അനുമതി നല്‍കും മുമ്പ് മന്ത്രാലയം വിശദ പഠനം നടത്തണമെന്നും ശുപാര്‍ശയുണ്ട്. ഇത് വഴി ഒരു പാരിസ്ഥിതിക സന്തുലനം നിലനിര്‍ത്തേണ്ടതുമുണ്ടെന്നും സമിതി നിര്‍ദ്ദേശിക്കുന്നു. മൂന്ന് സുപ്രധാന ബില്ലുകളെക്കുറിച്ച് സമിതിയോട് വിശദമാക്കാത്തതിലും സമിതി തലവനായ ജയറാം രമേഷ് അതൃപ്‌തി പ്രകടിപ്പിച്ചിട്ടുണ്ട്.

2002ലെ ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി ആക്‌ട്, 1980ലെ വനസംരക്ഷണ നിമയം എന്നിവ സമൂലം ഭേദഗതി ചെയ്ത് കൊണ്ടുള്ള ബില്ലുകളാണ് അവയില്‍ രണ്ടെണ്ണം. ഈ ഭേദഗതികള്‍ക്കെതിരെ നിയമവിദഗ്ദ്ധരും പരിസ്ഥിതിപ്രവര്‍ത്തകരും രംഗത്ത് എത്തിയിരുന്നു. ആവശ്യമായ ചര്‍ച്ചകള്‍ നടത്താതെ വാണിജ്യാവശ്യങ്ങള്‍ക്കായി രാജ്യത്തെ പരിസ്ഥിതിയെ ചൂഷണം ചെയ്യാനുള്ള ഭേദഗതികളാണ് ഇവയെന്ന് ഇവര്‍ ആരോപിക്കുന്നു.

മരങ്ങളും സസ്യങ്ങളും ജൈവ വൈവ ിധ്യങ്ങളും പരമ്പരാഗത അറിവുകളും അടക്കമാകും ഇതിലൂടെ ഇല്ലാതാകുകയെന്നും ഇവര്‍ ആരോപിക്കുന്നു. നിയമം ലഘിക്കുന്നത് കുറ്റകരമല്ലെന്നും പുതിയ നിയമം പറയുന്നു. 1980 വനസംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നതിനെതിരെ രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ അരങ്ങേറിയിരുന്നു. വാണിജ്യ ചുഷണത്തിനായി കാടിനെ തുറന്ന് കൊടുക്കുക വഴി തദ്ദേശീയരുടെ അവകാശങ്ങളും ഹനിക്കുന്നുവെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. ഇതിന് പുറമെ ജൈവവൈവിധ്യത്തെ ഇല്ലായ്‌മ ചെയ്യുന്നെന്നും ആരോപണമുയര്‍ന്നു. ഭേദഗതിയിലൂടെ രണ്ട് ലക്ഷം ചതുരശ്രകിലോമീറ്റര്‍ വനത്തിന് നിയമപരിരക്ഷ നഷ്‌ടമാകുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

പദ്ധതികള്‍ സംയോജിതമായ രീതിയിലല്ല കൈകാര്യം ചെയ്യുന്നതെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. വെള്ളപ്പൊക്കം കൈകാര്യം ചെയ്യുന്നതില്‍ വീഴ്‌ച വന്നത് ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്കാണെന്നും സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നേരത്തെ തയാറാകല്‍, നേരത്തെ മുന്നറിയിപ്പ് നല്‍കല്‍, തുടങ്ങിയ സംവിധാനങ്ങളാണ് ഇപ്പോഴാവശ്യം. ദുരന്ത നിവാരണത്തിനായി ഹോങ് കോങ്, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ മാതൃകകള്‍ ഇന്ത്യ പിന്തുടരേണ്ടതുണ്ടെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു.

പരിസ്ഥിതി പ്രകടന സൂചികയില്‍ ഇന്ത്യ ലോകത്ത് ഏറ്റവും അവസാനമാണ്. രാജ്യങ്ങളുടെ പാരിസ്ഥിതിക ആരോഗ്യം പരിഗണിച്ചാണ് പട്ടിക തയാറാക്കിരിക്കുന്നത്. 2002ല്‍ ലോക സാമ്പത്തിക ഫോറമാണ് ഇത്തരമൊരു സൂചിക തയാറാക്കാന്‍ തുടങ്ങിയത്. സുസ്ഥിര വികസനത്തിന് മുന്‍ഗണന നല്‍കലാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. ഡെന്‍മാര്‍ക്കാണ് സൂചികയില്‍ ഒന്നാമത്. യുകെ, ഫിന്‍ലന്‍ഡ്, മാള്‍ട്ട, സ്വീഡന്‍ എന്നിവര്‍ തൊട്ടുപിന്നാലെയുണ്ട്. നാല് മതങ്ങളുടെ ജന്മദേശവും മരങ്ങളും പുഴകളുമടക്കം ധാരാളം പ്രകൃതി വിഭവങ്ങള്‍ കൊണ്ട് സമ്പന്നവും ആയ നമ്മുടെ രാജ്യമാണ് പട്ടികയില്‍ 180 -ാം സ്ഥാനത്ത് ഉള്ളത് എന്നത് വിരോധാഭാസമാണ്.

മേഖലയിലെ പ്രകൃതിവിഭവങ്ങള്‍ക്കും സാംസ്‌കാരിക, പരമ്പരാഗത അറിവുകള്‍ക്കും ഊന്നല്‍ നല്‍കിക്കൊണ്ട് ഹിമാലയന്‍ മേഖലയുടെ വികസനത്തിനായി ഒരു പദ്ധതി പ്രശസ്‌ത പരിസ്ഥിതി പ്രവര്‍ത്തക സുനിത നാരായണ്‍ 2013 ല്‍ മുന്നോട്ട് വച്ചിരുന്നു. പ്രാദേശിക ജനതയുടെ ആശങ്കകളും ശബ്‌ദങ്ങളും ഉള്‍പ്പെടുത്തി ആണ് ആ വികസന മാതൃക അവര്‍ മുന്നോട്ട് വച്ചത്. അവര്‍ക്ക് കൃഷിയും അടിസ്ഥാന ആവശ്യങ്ങളും നിറവേറ്റാനാകുന്ന തരത്തിലുള്ള മാതൃകയാണ് അവര്‍ മുന്നോട്ട് വച്ചത്. ഇത്തരം ശാസ്‌ത്രജ്ഞരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ നമ്മുടെ ഭരണകൂടം തയാറാകുമോ എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം?

Also Read: ദൈവത്തിന്‍റെ സ്വന്തം നാട്, വൈവിധ്യങ്ങളാല്‍ സമ്പന്നമായ ഭൂപ്രകൃതി, കാത്തുവെയ്ക്കാം വരും തലമുറയ്ക്കായി

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.