ന്യൂഡല്‍ഹി: തങ്ങളുടെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഗാനം തെരഞ്ഞടുപ്പ് കമ്മീഷന്‍ നിരോധിച്ചെന്ന ആരോപണവുമായി ആം ആദ്‌മി പാര്‍ട്ടി. 'ജയില്‍ കെ ജവാബ് മേ ഹും വോട്ട് ദേംഗെ' എന്ന ഗാനമാണ് നിരോധിച്ചത്. ഭരണകക്ഷിയായ ബിജെപിയെയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെയും മേല്‍ കരിനിഴല്‍ വീഴ്‌ത്തുന്ന ഗാനമാണ് ഇതെന്ന് ആരോപിച്ചാണ് നടപടിയെന്നാണ് ആരോപണം. എഎപിയുടെ വാദത്തോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചിട്ടില്ല.
ഒരു പാര്‍ട്ടിയുടെ പ്രചാരണഗാനം നിരോധിക്കുന്നത് ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാകുമെന്ന് എഎപിയുടെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ അതിഷി പറഞ്ഞു. ഗാനത്തില്‍ ബിജെപിയെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല. മാതൃക പെരുമാറ്റച്ചട്ടവും ലംഘിച്ചിട്ടില്ല. വസ്‌തുതപരമായ ദൃശ്യങ്ങളും സംഭവങ്ങളുമാണ് ഇതില്‍ ചേര്‍ത്തിട്ടുള്ളത്. ബിജെപി നടത്തുന്ന തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളില്‍ കമ്മീഷന്‍ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്നും അതിഷി ആരോപിച്ചു.
ബിജെപി ഏകാധിപത്യമാണ് നടത്തുന്നതെങ്കില്‍ ഇത് തങ്ങളുടെ അവകാശമാണ്. ആരെങ്കിലും ഇതേക്കുറിച്ച് പറഞ്ഞാല്‍ അത് തെറ്റാകും. ജനാധിപത്യം അപകടത്തിലാണ് എന്നാണ് ഇതെല്ലാം കാട്ടുന്നത്. ബിജെപി നടത്തുന്ന തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങളില്‍ നടപടി കൈക്കൊള്ളണമെന്നാണ് തനിക്ക് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാനുള്ളത്. അല്ലാതെ പ്രതിപക്ഷ കക്ഷികളുടെ പ്രചാരണ പരിപാടികള്‍ തടസപ്പെടുത്തുകയല്ല അവരുടെ ജോലിയെന്നും അതിഷി കൂട്ടിച്ചേര്‍ത്തു.
എഎപി എംഎല്‍എ ദിലീപ് പാണ്ഡെയാണ് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനം ആലപിച്ചതും എഴുതിയതും. വ്യാഴാഴ്‌ചയാണ് പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വച്ച് ഗാനം പുറത്തിറക്കിയത്.
Also Read:അരവിന്ദ് കെജ്‌രിവാളിന് പിന്തുണ; വാക്കത്തോൺ സംഘടിപ്പിച്ച് ആം ആദ്‌മി പാർട്ടി