ഹൈദരാബാദ്: കോണ്‍ഗ്രസിനെതിരെ പരാമര്‍ശം നടത്തിയതിന്‍റെ പശ്ചാത്തലത്തില്‍ ഭാരത് രാഷ്‌ട്രസമിതി അധ്യക്ഷന്‍ കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ പ്രചാരണ വിലക്ക്. കഴിഞ്ഞ മാസം അഞ്ചിന് സിര്‍സില്ലയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
ഇന്ന് രാത്രി എട്ട് മണിമുതലാണ് തെലങ്കാന മുന്‍ മുഖ്യമന്ത്രിക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണ വിലക്ക് നിലവില്‍ വന്നത്. സിര്‍സില്ലയില്‍ അദ്ദേഹം കോണ്‍ഗ്രസിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. തുടര്‍ന്ന് ഇക്കാര്യത്തില്‍ കമ്മീഷന്‍ കെസിആറിന്‍റെ മറുപടി തേടി.
തന്‍റെ വാക്കുകള്‍ അധികൃതര്‍ക്ക് ശരിയായി മനസിലാക്കാന്‍ കഴിഞ്ഞില്ലെന്നാണ് മറുപടിയില്‍ ചൂണ്ടിക്കാട്ടിയത്. ഇത് പ്രാദേശിക പ്രയോഗങ്ങളാണെന്നും അദ്ദേഹം വിശദീകരിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ തന്‍റെ പരാമര്‍ശത്തിലെ ചില വാക്കുകള്‍ അടര്‍ത്തിയെടുത്ത് അത് ഇംഗ്ലീഷിലേക്ക് മൊഴി മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു. അവരുടെ പരിഭാഷ ശരിയായ രീതിയില്‍ അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്‍റെ നയങ്ങളും വാഗ്ദാനങ്ങളും നടപ്പാക്കുന്നതില്‍ അവര്‍ വരുത്തിയ വീഴ്‌ചകളെക്കുറിച്ച് മാത്രമാണ് താന്‍ പരാമര്‍ശിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
Also Read:തെരഞ്ഞെടുപ്പ് ചട്ടലംഘനം: ബംഗാള്‍ ഗവര്‍ണറുടെ യാത്ര തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍
എന്നാല്‍ കെസിആറിന്‍റെ മറുപടിയില്‍ കമ്മീഷന്‍ തൃപ്‌തരായില്ല. തുടര്‍ന്നാണ് നാല്‍പ്പത്തെട്ട് മണിക്കൂര്‍ പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് രണ്ടാമത്തെ രാഷ്‌ട്രീയ നേതാവിനാണ് 48 മണിക്കൂര്‍ പ്രചാരണ വിലക്ക് നേരിടേണ്ടി വരുന്നത്. നേരത്തെ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ്ങ് സുര്‍ജെവാലയെ കമ്മീഷന്‍ 48 മണിക്കൂര്‍ വിലക്കിയിരുന്നു.