കൊല്‍ക്കത്ത: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് വെള്ളിയാഴ്‌ച നടക്കാനിരിക്കെ പശ്ചിമ ബംഗാള്‍ ഗവര്‍ണറുടെ യാത്ര തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നാളെയും മറ്റെന്നാളും കൂച്ച് ബിഹാറിലേക്ക് സി വി ആനന്ദബോസ് നടത്താനിരുന്ന യാത്രയാണ് കമ്മീഷന്‍ തടഞ്ഞത്. വെള്ളിയാഴ്‌ച വോട്ടെടുപ്പ് നടക്കാനിരിക്കെ നടത്തുന്ന യാത്ര തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നും, ഇന്ന് വൈകിട്ട് മുതല്‍ ഇവിടെ നിശബ്‌ദ പ്രചാരണത്തിനുള്ള സമയമാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് ദിവസം ഗവര്‍ണര്‍ പങ്കെടുക്കുന്ന പ്രാദേശിക പരിപാടികള്‍ പാടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗവര്‍ണറുടെ ഓഫീസിലേക്ക് സന്ദേശം അയച്ചിട്ടുണ്ട്. പതിനെട്ടും പത്തൊന്‍പതും ജില്ലാ ഭരണകൂടവും പൊലീസും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികളിലായിരിക്കും. ഇതില്‍ നിന്ന് ഇവരെ മാറ്റി ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കാനാകില്ല. ഈ സന്ദര്‍ശനം മുന്‍കൂട്ടി നിശ്‌ചയിച്ചതല്ല. ഇതിന് വലിയ പ്രാധാന്യമുണ്ടെന്ന് തോന്നുന്നില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 126-ാം വകുപ്പ് പ്രകാരം കൂച്ച്ബിഹാറില്‍ നിശബ്‌ദ പ്രചാരണം ഇന്ന് വൈകിട്ട് ആറ് മണി മുതല്‍ ആരംഭിച്ചു. ഈ സമയത്ത് കമ്മീഷന്‍ നിരവധി വിലക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സമയമാണ്.
പോളിങ് നടക്കുന്ന മേഖലയില്‍ വോട്ട് ഇല്ലാത്ത ഉന്നതരെയും പ്രചാരകരെയും രാഷ്‌ട്രീയ പ്രവര്‍ത്തകരെയും നിശബ്‌ദപ്രചാരണം തുടങ്ങിയാല്‍ ഉടന്‍ സ്ഥലത്ത് നിന്ന് പുറത്താക്കണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ജില്ല പൊലീസ് മേധാവിമാര്‍ക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയ സുഗമവും സ്വതന്ത്രവും ആക്കുന്നതിനായാണ് ഇത്തരമൊരു നിര്‍ദ്ദേശം.