ന്യൂഡൽഹി: രാജ്യത്ത് ഡിജിറ്റൽ തട്ടിപ്പുകൾ നിയന്ത്രിക്കുന്നതിന് നിര്‍ണായക നീക്കവുമായി ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ). ആഭ്യന്തര മന്ത്രാലയവും ടെലി കമ്മ്യൂണിക്കേഷൻസ് വകുപ്പും ചേര്‍ന്ന് എസ്എംഎസ് വഴിയുള്ള തട്ടിപ്പുകളിൽ സംരക്ഷണമൊരുക്കാന്‍ സഞ്ചാർ സാഥി എന്ന പദ്ധതി ആരംഭിച്ചു. പദ്ധതി പ്രകാരം, വ്യാജ എസ്എംഎസുകൾ അയയ്‌ക്കുന്ന എട്ട് എസ്എംഎസ് ഹെഡറുകളെ ബ്ലോക്ക് ചെയ്‌തതായും ടെലി കമ്മ്യൂണിക്കേഷൻസ് മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു.
മൊബൈൽ കോളുകളിലൂടെയും എസ്എംഎസുകളിലൂടെയും തട്ടിപ്പ് നടത്തുന്നവർക്കെതിരെ സർക്കാർ നടപടി തുടരുന്നതിനിടെയാണ് പുതിയ നീക്കം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 10,000-ത്തിലധികം വ്യാജ സന്ദേശങ്ങൾ ഈ എട്ട് ഹെഡറുകള്‍ ഉപയോഗിച്ച് അയച്ചതായി ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് അറിയിച്ചു. ഈ എട്ട് എസ്എംഎസ് ഹെഡറുകളുടെ ഉടമകളായ സ്ഥാപനങ്ങളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള 73 എസ്എംഎസ് ഹെഡറുകളും 1,522 എസ്എംഎസ് ഉള്ളടക്ക ടെംപ്ലേറ്റുകളും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
ഈ സ്ഥാപനങ്ങളെ കരിമ്പട്ടികയിൽ പെടുത്തുന്നതോടെ പൗരന്മാർ തട്ടിപ്പിന് ഇരയാക്കപ്പെടുന്നത് തടയാനാകുമെന്ന് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങൾക്കും സാമ്പത്തിക തട്ടിപ്പുകൾക്കുമായി ടെലികോം മേഖല ദുരുപയോഗം ചെയ്യുന്നത് തടയാൻ പൗരന്മാർക്ക് സഞ്ചാർ സാഥിയിലെ ചക്ഷു സൗകര്യത്തിൽ നേരിട്ട് റിപ്പോർട്ട് ചെയ്യാനാകും.
ടെലി മാർക്കറ്റിങ് കോളുകള്‍ പോലുള്ള സ്‌പാമുകള്‍ റിപ്പോർട്ട് ചെയ്യുന്നതിനുള്ള മാർഗനിർദ്ദേശങ്ങളും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ടെലിമാർക്കറ്റിങ് പ്രവർത്തനങ്ങൾക്കായി മൊബൈൽ നമ്പറുകൾ ഉപയോഗിക്കാൻ അനുവാദമില്ല.
പ്രൊമോഷണൽ സന്ദേശങ്ങൾ അയയ്‌ക്കാൻ ടെലിഫോൺ കണക്ഷൻ ഉപയോഗിക്കുകയാണെങ്കിൽ ആദ്യത്തെ പരാതിയിൽ തന്നെ അവരുടെ കണക്ഷൻ വിച്‌ഛേദിക്കപ്പെടും. കൂടാതെ അവരുടെ പേരും വിലാസവും രണ്ട് വർഷത്തേക്ക് കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും ഇടയുണ്ട്.
ടെലിമാർക്കറ്റിങ് കോളുകൾ അവയുടെ പ്രിഫിക്‌സുകളാൽ തിരിച്ചറിയാൻ കഴിയും: 180, 140, 10 അക്ക നമ്പറുകൾ ടെലിമാർക്കറ്റിങ് സംബന്ധിച്ച നമ്പരുകളാകാം. ഇവ സ്‌പാം റിപ്പോർട്ട് ചെയ്യുന്നതിന് 1909 ഡയൽ ചെയ്‌താല്‍ മതിയാകും. അല്ലെങ്കിൽ DND (Do not Disturb) സേവനം ഉപയോഗിക്കാമെന്നും മന്ത്രാലയം അറിയിച്ചു.