ചെന്നൈ: കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച് ഡിഎംകെ (ദ്രാവിഡ മുന്നേറ്റ കഴകം). നീതി ആയോഗിന്‍റെ ഗവേണിങ് കൗൺസിൽ യോഗം നടക്കുന്നതിന് മുന്നോടിയായാണ് തമിഴ്‌നാടിനെ ബജറ്റിൽ അവഗണിച്ചെന്നാരോപിച്ച് ഡിഎംകെ പ്രതിഷേധം സംഘടിപ്പിച്ചത്. ബജറ്റിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രംഗത്തുവന്നു.
തെരഞ്ഞെടുപ്പില്‍ ബിജെപിയെ ജയിപ്പിക്കാത്ത സംസ്ഥാനങ്ങളോടും ജനങ്ങളോടുമുളള പ്രതികാര നടപടിയായാണ് ബജറ്റ് എന്ന് സ്റ്റാലിന്‍ പറഞ്ഞു. 'ഡല്‍ഹിയില്‍ നടക്കുന്ന നിതി ആയോഗ് യോഗത്തില്‍ പങ്കെടുക്കേണ്ടതാണ് ഞാന്‍. എന്നാല്‍ ഇവിടെ നിന്ന് ബജറ്റിൽ പ്രതിഫലിച്ച തമിഴ്‌നാടിനോടുള്ള വിവേചനപരമായ നടപടിക്കെതിരെ സംസാരിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു. ബീഹാറിനും ആന്ധ്രാപ്രദേശിനും പ്രാധാന്യം നല്‍കുന്ന ബജറ്റാണ് നിർമല സീതാരാമൻ ഈ വര്‍ഷം അവതരിപ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിതി ആയോഗ് യോഗം ബഹിഷ്‌കരിച്ചുകൊണ്ട് വ്യാഴാഴ്‌ചയാണ് (ജൂലൈ 25) സ്റ്റാലിൻ രംഗത്തുവന്നത്. ഇതിന് പിന്നാലെ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരും യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ചു.
നിതി ആയോഗിന്‍റെ 9ാമത് ഗവേണിങ് കൗൺസിൽ യോഗമാണ് ഇന്ന് ന്യൂഡല്‍ഹിയില്‍ നടക്കുന്നത്. 'വികസിത് ഭാരത്@2047' എന്നതാണ് ഈ വർഷത്തെ നിതി ആയോഗിൻ്റെ പ്രമേയം. 2047ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുക എന്നതായിരിക്കും യോഗത്തിന്‍റെ മുഖ്യ ലക്ഷ്യം. കേന്ദ്രവും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള പങ്കാളിത്തവും സഹകരണവും വര്‍ധിപ്പിക്കുക, ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുക എന്നതും യോഗത്തിലെ പ്രധാന ചര്‍ച്ച വിഷയങ്ങളാകും.