ന്യൂഡൽഹി : വിവാഹമോചനം നേടുന്ന മുസ്‌ലിം സ്‌ത്രീകൾക്ക് ഭർത്താവിൽ നിന്ന് ജീവനാംശം തേടാമെന്ന് സുപ്രീം കോടതി. ക്രിമിനൽ പ്രൊസീജ്യർ കോഡിന്‍റെ 125ാം വകുപ്പ് പ്രകാരം വിവാഹമോചിതയായ മുസ്‌ലിം സ്‌ത്രീകൾക്ക് ഭർത്താവിനോട് ജീവനാംശം ചോദിക്കാമെന്ന് കോടതി വിധിച്ചു. ജസ്റ്റിസുമാരായ ബിവി നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്.
ഇരുവരും വെവ്വേറെ വിധി പ്രഖ്യാപനമാണ് നടത്തിയത്. തന്‍റെ മുൻ ഭാര്യക്ക് 10,000 രൂപ ഇടക്കാല ജീവനാംശം നൽകാനുള്ള തെലങ്കാന ഹൈക്കോടതി നിർദേശത്തെ ചോദ്യം ചെയ്‌ത് മുസ്‌ലീം യുവാവ് നൽകിയ ഹർജിയിലാണ് വിധി വന്നത്. 1986-ലെ മുസ്‌ലിം സ്‌ത്രീ (വിവാഹമോചനത്തിനുള്ള അവകാശങ്ങൾ സംരക്ഷിക്കൽ) നിയമം നിലനിൽക്കുന്നതിനാൽ വിവാഹമോചിതയായ മുസ്‌ലിം സ്‌ത്രീക്ക് ക്രിമിനൽ പ്രൊസീജ്യർ കോഡിൻ്റെ 125-ാം വകുപ്പ് പ്രകാരം ജീവനാംശം തേടാനാകില്ലെന്ന് ഹർജിക്കാരൻ വാദിച്ചു. എന്നാല്‍ സിആർപിസി സെക്ഷൻ 125 പ്രകാരം ഒരു മുസ്‌ലിം സ്‌ത്രീക്ക് ഭർത്താവിൽ നിന്ന് ജീവനാംശം നേടാമെന്ന് കോടതി വ്യക്തമാക്കി.
സെക്ഷൻ 125 പ്രകാരം വിവാഹിതരായ സ്‌ത്രീകൾക്ക് മാത്രമല്ല എല്ലാ സ്‌ത്രീകൾക്കും ബാധകമാകുമെന്ന പ്രധാന നിഗമനത്തോടെയാണ് ക്രിമിനൽ അപ്പീൽ തള്ളുന്നതെന്ന് സുപ്രീം കോടതി പറഞ്ഞു.