ഹൈദരാബാദ് : കനേഡിയൻ പൗരയായ ഇന്ത്യൻ വംശജ നിഷ പഹുജ സംവിധാനം ചെയ്‌ത 'ടു കിൽ എ ടൈഗർ' ഓസ്‌കാറില്‍ മികച്ച ഡോക്യുമെന്‍ററി (ഫീച്ചർ) വിഭാഗത്തിൽ നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഡോക്യുമെന്‍ററി ചിത്രീകരണത്തിന്‍റെ നാള്‍ വഴികളും നേരിട്ട വെല്ലുവിളികളും പങ്കുവെക്കുകയാണ് സംവിധായക നിഷ പഹുജ. ലൈംഗികാതിക്രമം,പുരുഷാധിപത്യം, ലിംഗ വിവേചനം, സ്വത്വ രാഷ്ട്രീയം എന്നിവ ഇന്ത്യൻ പശ്ചാത്തലത്തിൽ അനാവരണം ചെയ്യുന്ന ഡോക്യുമെന്‍ററിയാണ് ടു കിൽ എ ടൈഗർ.
- " class="align-text-top noRightClick twitterSection" data="">
2017-ൽ ജാർഖണ്ഡിൽ കൂട്ടബലാത്സംഗത്തിന് ഇരയായ 13 വയസുകാരിയായ തന്‍റെ മകൾക്ക് നീതി ഉറപ്പാക്കാനുള്ള ഒരു പിതാവിന്‍റെ നിശ്ചയദാർഢ്യത്തിന്‍റെ കഥയാണ് ടു കിൽ എ ടൈഗർ. ഡോക്യുമെന്‍ററിയില്‍ നായകനായ രഞ്ജിത്തും അതിജീവിതയുമാണ് യഥാർത്ഥ താരങ്ങളെന്ന് സംവിധായക പറയുന്നു.
മൂന്നര വർഷത്തോളമാണ് ഡോക്യുമെന്‍ററി ഇന്ത്യയിൽ ചിത്രീകരിച്ചത്. അതിജീവിതയുടെ കുടുംബത്തിന്‍റെ വിശ്വാസം നേടുയെടുക്കുക എന്നതായിരുന്നു ഈ പ്രക്രിയയില്‍ ഏറ്റവും പ്രയാസമേറിയതെന്ന് എന്ന് പഹുജ പറഞ്ഞു. ഏകദേശം എട്ട് വർഷമെടുത്താണ് ചിത്രം പൂർത്തിയാക്കിയത്.ഡോക്യുമെന്‍ററി ആരംഭിക്കുമ്പോള്‍, കൂട്ടബലാത്സംഗത്തിൽ നിന്ന് രക്ഷപ്പെട്ട കിരൺ ഒരു കുട്ടിയായിരുന്നു. ഇപ്പോൾ അവര്‍ക്ക് ഏകദേശം 20 വയസ് പ്രായമുണ്ട്.
പ്രദേശത്തെ ഗ്രാമവാസികളായിരുന്നു ചിത്രീകരണത്തിന് മറ്റൊരു തടസം. ഇത്തരം സംഭവങ്ങൾ ചിത്രീകരിക്കുന്നത് തങ്ങളുടെ സമൂഹത്തിന് നാണക്കേടുണ്ടാക്കുമെന്ന് പറഞ്ഞ ഗ്രാമീണർ പല പ്രശ്‌നങ്ങളുമുണ്ടാക്കി. രഞ്ജിത്ത് തന്‍റെ മകളെ ബലാത്സംഗം ചെയ്‌തവരിൽ ഒരാൾക്ക് വിവാഹം ചെയ്‌തു കൊടുക്കണമെന്നായിരുന്നു ആദ്യം ഗ്രാമവാസികളുടെ ആവശ്യം. ഇത് നിരസിച്ച രഞ്ജിത്ത് തന്‍റെ മകൾക്ക് നീതിക്ക് വേണ്ടിയുള്ള പോരാട്ടം ആരംഭിക്കുകയായിരുന്നു. രഞ്ജിത്തിന്‍റെ സാമൂഹ്യ നില പരിശോധിക്കുമ്പോള്‍ അത് ബുദ്ധിമുട്ടുള്ളതും അപകടകരവുമായ ഒരു യാത്രയായിരുന്നുവെന്ന് പഹൂജ ഓർത്തെടുക്കുന്നു.
"ഞാൻ ഈ സിനിമയായിരുന്നില്ല നിർമ്മിക്കാൻ ഒരുങ്ങിയിരുന്നത്. ഇന്ത്യയിലെ പുരുഷാധിപത്യത്തെ കൂടുതൽ വിശദമായി പ്രതിപാദിക്കുന്ന വ്യത്യസ്‌തമായ ചിത്രമായിരുന്നു ഞാൻ ശരിക്കും ചെയ്‌തുകൊണ്ടിരുന്നത്. രഞ്ജിത്തിൻ്റെ കഥ ഈ സിനിമയുടെ നട്ടെല്ല് ആയിരുന്നു. പരസ്‌പര ബന്ധിതമായ മൂന്ന് ത്രെഡുകളായിരുന്നു ചിത്രീകരിച്ചത്. രഞ്ജിത്ത്, ആക്‌ടിവിസ്റ്റ് മഹേന്ദ്ര കുമാർ, ചെറുപ്പക്കാരായ കരൺ, ആശിഷ് എന്നിവരുടെ മൂന്ന് കഥകാളാണ് മൂന്നു വര്‍ഷം കൊണ്ട് ഇന്ത്യയില്‍ ചിത്രീകരിച്ചത് എന്ന് പഹൂജ ഒരു അഭിമുഖത്തിൽ പറഞ്ഞു.
ശേഷം സഹപ്രവര്‍ത്തകര്‍ക്ക് ചിത്രം പ്രദർശിപ്പിച്ചപ്പോള്‍ ഇതില്‍ രണ്ട് വ്യത്യസ്‌ത സിനിമകൾക്ക് സാധ്യത ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. വളരെ നാടകീയമായ ആഖ്യാനത്താൽ മുന്നോട്ട് പോകുന്ന രഞ്ജിത്തിന്‍റെ കഥയ്ക്ക് അതിന്‍റേതായ ചലച്ചിത്ര പ്രപഞ്ചം ആവശ്യമായിരുന്നെന്ന് മനസിലായി.
'ഈ തീരുമാനം ഒരേ സമയം സങ്കടകരവും സന്തോഷകരവുമായിരുന്നു. സിനിമയിലെ മറ്റ് കഥാപാത്രങ്ങളോടും, വിശേഷിച്ച് അദ്ദേഹത്തിന്‍റെ ഭാര്യയോടും മകളോടും നീതി പുലർത്താൻ തീരുമാനം ഞങ്ങളെ പ്രാപ്‌തമാക്കി. ഞാൻ മുമ്പും സെൻസിറ്റീവ് വിഷയങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. പക്ഷേ ഒരിക്കലും ഒരു ബലാത്സംഗത്തിന് ഇരയായ അതിജീവിതയെ ക്യാമറയിലാക്കിയിട്ടില്ല. അവളുടെ ഐഡന്‍റിറ്റി മറച്ചുവെക്കുക എന്നതായിരുന്നു എന്‍റെ ആദ്യ ലക്ഷ്യം. പക്ഷേ ഞങ്ങൾ ആവിഷ്‌കരിച്ച ആനിമേഷൻ, ബ്ലര്‍ എഫക്‌ട്, ഇരയ്ക്ക് പുതിയ മുഖം നൽകുക എന്നീ രീതികളൊന്നും ഉചിതമായി തോന്നിയില്ല. ബലാത്സംഗത്തിന്‍റെ ഭീകരതയെക്കുറിച്ചും ഇരയ്ക്ക് ഉണ്ടാകുന്ന ആഘാതത്തെ കുറിച്ചുമാണ് ചിത്രത്തിന്‍റെ കൂടുതൽ ഭാഗവും പറയുന്നത്. അതിനാൽ അതിജീവിതയെ മറച്ചുവെക്കുന്നത്, ഞങ്ങൾ വിമർശിക്കുന്നതിനെ ഞങ്ങള്‍ തന്നെ ശക്തിപ്പെടുത്തുന്നതായി മാറുമെന്ന് തോന്നി'- പഹുജ പറഞ്ഞു.
ഡോക്യുമെന്‍ററി പൂർത്തിയായപ്പോൾ കുട്ടിക്ക് 18 വയസ് ആയിരുന്നു. അവളെ സിനിമയിൽ കാണിക്കുന്നതിനോ പേര് വെളിപ്പെടുത്തുന്നതിനോ മാതാപിതാക്കൾക്ക് യാതൊരു എതിർപ്പും ഉണ്ടായിരുന്നില്ല. എങ്കിലും തീരുമാനം അവളുടേതായിരിക്കണമെന്ന് മാതാപിതാക്കള്‍ പറഞ്ഞു. സിനിമ കണ്ടതിന് ശേഷം കുട്ടിക്കും തന്നെ ഡോക്യുമെന്‍ററിയില്‍ കാണിക്കുന്നതിൽ യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. എങ്കിലും പ്രമോഷന്‍ പരിപാടികളില്‍ നിന്ന് കുട്ടിയെ മാറ്റിനിർത്തിയിരുന്നു എന്നും സംവിധായക പറഞ്ഞു.
ടിഐഫ്എഫ്, പാം സ്പ്രിംഗ്സ് ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്റ്റിവൽ, ഡോക് അവീവ്, കനേഡിയൻ സ്‌ക്രീൻ അവാർഡുകൾ എന്നിവയ്ക്കുള്ള നോമിനേഷനുകൾ ഉൾപ്പെടെ 19 ഫെസ്റ്റിവൽ അംഗീകാരങ്ങൾ ടു കിൽ എ ടൈഗർ ഇതിനോടകം നേടിയിട്ടുണ്ട്. ഡയമണ്ട് റോഡ് എന്ന ചിത്രത്തിന് മികച്ച ഡോക്യുമെന്‍ററി സീരീസിനുള്ള 2007 ലെ ജെമിനി അവാർഡും നിഷ പഹുജക്ക് ലഭിച്ചിരുന്നു.