ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രത്യക്ഷ നികുതി ശേഖരണത്തില്‍ വന്‍ വര്‍ധനയുണ്ടായതായി ധനകാര്യമന്ത്രാലയം. 2024-25 ധനകാര്യ വര്‍ഷത്തില്‍ പ്രത്യക്ഷ നികുതി ശേഖരണത്തില്‍ 20.99 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മൊത്ത നികുതി ശേഖരണത്തിലും 22.19 ശതമാനം വര്‍ധന രേഖപ്പെടുത്തി.
ധനകാര്യമന്ത്രാലയം പുറത്ത് വിട്ട പ്രസ്‌താവനയിലെ ഈ കണക്കുകള്‍ രാജ്യത്തെ സമ്പദ്ഘടയുടെ ശക്തമായ പ്രകടനത്തെയും ആരോഗ്യകരമായ നികുതി സംവിധാന പരിസ്ഥിതിയെയുമാണ് കാട്ടുന്നത്. 2024 ജൂണ്‍ പതിനേഴിലെ കണക്കുകള്‍ പ്രകാരം 2024-25 വര്‍ഷത്തെ പ്രത്യക്ഷ നികുതി ശേഖരണം 4,62,664 കോടിയായി. 2023-24 സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കിട്ടിയ നികുതിയേക്കാള്‍ 3,82,414 കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആകെ ശേഖരിക്കപ്പെട്ട നികുതിയില്‍ കോര്‍പ്പറേഷന്‍ നികുതി (സിഐടി) 1,80,949 കോടി രൂപയും വ്യക്തിഗത നികുതി (പിഐടി) സുരക്ഷ ഇടപാട് നികുതി (എസ്‌ഐടി) 2,81,013 കോടി രൂപയുമാണ്.
മൊത്ത പ്രത്യക്ഷ നികുതി വരുമാനത്തിലും (തിരികെ നല്‍കാനുള്ളത് കണക്കാക്കും മുമ്പ്) നിര്‍ണായക വര്‍ധന ഉണ്ടായിട്ടുണ്ട്. മൊത്തം നികുതി ശേഖരണം 5,15,986 കോടിയായി. കഴിഞ്ഞ കൊല്ലത്തെ 4,22,295 കോടിയില്‍ നിന്നാണ് ഈ വര്‍ധന. 22.19 ശതമാനം വര്‍ധനയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കോര്‍പ്പറേറ്റ് , വ്യക്തി നികുതി വരുമാനത്തില്‍ ശക്തമായ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. മൊത്ത നികുതി ശേഖരണം സിഐടിയില്‍ നിന്നുള്ള 2,26,280 കോടിയും എസ്‌ഐടി ഉള്‍പ്പെടെ പിഐടിയില്‍ നിന്നുള്ള 2,88,93കോടിയും ചേര്‍ന്നതാണ്.
2024 ജൂണ്‍ പകുതിയോടെ നികുതി ശേഖരണം 1,48,823 കോടിയായി. 2023-24 വര്‍ഷം ഇതേ സമയം ലഭിച്ച 1,16,875കോടിയില്‍ നിന്ന് ഇക്കുറി 27.34 ശതമാനത്തിന്‍റെ വര്‍ധന ഉണ്ടായെന്നാണ് വ്യക്തമാകുന്നത്. മുന്‍കൂര്‍ നികുതിയില്‍ 1,14353 കോടിയാണ് കുത്തക നികുതിയിനത്തില്‍ ലഭിച്ചിരിക്കുന്നത്. വ്യക്തിഗത നികുതിദായകരില്‍ നിന്ന് 34,470 കോടിയും ലഭിച്ചു. കുത്തക ലാഭത്തിലും വ്യക്തിഗത വരുമാനത്തിലും ഉണ്ടായ വര്‍ധനയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഉറവിടത്തില്‍ തന്നെ നികുതി ഈടാക്കുന്ന സംവിധാനം (ടിഡിഎസ്) 3,24,787 കോടിയായി. നികുതി ശേഖരണത്തിലെ കാര്യക്ഷമതയാണ് ഇത് കാട്ടുന്നതെന്നും ധനകാര്യ മന്ത്രാലയത്തിന്‍റെ പ്രസ്‌താവനയില്‍ എടുത്ത് പറയുന്നു. സെല്‍ഫ് അസെസ്‌മെന്‍റ് നികുതി 28,471 കോടിയായി. നികുതി ദായകരുടെ നികുതി ബാധ്യതകളോടുള്ള പ്രതിബദ്ധതയുടെ സൂചകമാണിത്. റെഗുലര്‍ അസസ്മെന്‍റ് നികുതി 10,920 കോടിയായി.
മറ്റ് ചില വിഭാഗം പ്രത്യക്ഷ നികുതിയിലൂടെ 2,985 കോടി രൂപ ലഭിച്ചു. നികുതി പിരിവില്‍ വര്‍ധന ഉണ്ടായതിന് പുറമെ, ഈ മാസം പതിനേഴ് വരെ തിരികെ നല്‍കിയത് 53,322 കോടിയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയം 39,870 കോടിയില്‍ നിന്ന് 33.70 ശതമാനത്തിന്‍റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. നികുതിദായകരുടെ അവകാശവാദങ്ങളോട് സര്‍ക്കാരിനുള്ള പ്രതിബദ്ധതയാണ് സമയബദ്ധിതമായി തിരിച്ചടവ് നല്‍കുന്നത്. ഇത് അവരില്‍ വിശ്വാസ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തികളിലും നികുതി നടപ്പാക്കല്‍ സംവിധാനങ്ങളിലുമുണ്ടായ കാര്യക്ഷമതയാണ് ഇത് കാട്ടുന്നത്. നികുതി ദായകരില്‍ ഭാവിയിലെ വരുമാനത്തിലും ലാഭത്തിലും ശുഭകരമായ പ്രതീക്ഷ നല്‍കാനും ഇത് ഉപകരിക്കും. വളര്‍ച്ച അനുഭവപ്പെടുന്നതോടെ വ്യവസായങ്ങളും വ്യക്തികളിലും മുന്‍കൂര്‍ നികുതി അടയ്ക്കാന്‍ ആത്മവിശ്വാസമുണ്ടാക്കുന്നു.
കാര്യക്ഷമത വര്‍ധിക്കുന്നതോടെ സ്വഭാവികമായി എല്ലാവരും നികുതി അടയ്ക്കാന്‍ സന്നദ്ധരാകുന്നു. ഇത് സംവിധാനത്തെ കൂടുതല്‍ മെച്ചപ്പെടുത്തുന്നു. അധികമായി അടയ്ക്കപ്പെടുന്ന നികുതി, തിരികെ നികുതി ദായകരിലേക്ക് തന്നെ എത്തുന്നു. വരും നാളുകളിലും ഇതേ ഒഴുക്ക് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയും കരുത്തും വര്‍ധിപ്പിക്കുമെന്നും വിലയിരുത്തുന്നു.